ന്യൂദല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് വിട്ടതിനു തൊട്ടു പിന്നാലെ അനധികൃത കടുയേറ്റക്കാരായി പിടിയിലായ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘത്തെ അമേരിക്ക തിരിച്ചയക്കുന്നു. 119 പേര്‍ അടങ്ങുന്നതാണ് രണ്ടാമത്തെ സംഘം. നാളെയും മറ്റന്നാളുമായി ഇവര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. രണ്ട് വിമാനങ്ങളിലായി എത്തുന്നവരെ അമൃതസറില്‍ എത്തിക്കും. പുതിയ സംഘത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും, ഗുജറാത്ത് (8), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ഒരോരുത്തരുമാണുള്ളത്.
രണ്ടാമതും യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ യുഎസ് പുറത്താക്കല്‍ നടപടി ആരംഭിച്ചത്. 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച തിരിച്ചെത്തിച്ചിരുന്നു. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് സൈനിക വിമാനത്തിലായിരുന്നു ഇവരെ അമൃത് സറിലെത്തിച്ചത്. ഈ സംഭവം വലിയ വിവാദം ഉയര്‍ത്തിയിരുന്നു. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെയാണ് നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ പുതിയ സംഘം നാട്ടിലെത്തുന്നത്. യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ വ്യക്തമാക്കിയിരുന്നു.
Related News