റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേളയായ 'ലീപ് 2025' നാലാം പതിപ്പിന് ഇന്ന് (ഞായര്‍) റിയാദില്‍ കൊടിയേറും. 'പുതിയ ലോകത്തേക്ക്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ മല്‍ഹമിലുള്ള റിയാദ് എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മേള. രാജ്യത്തിനകത്തും പുറത്തും നിന്നായി 1,800ലേറെ ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നായി ആയിരത്തിലധികം പ്രഭാഷകര്‍ വേദിയിലെത്തും. 680 സ്റ്റാര്‍ട്ടപ്പുകളും മേളയില്‍ പരിചയപ്പെടുത്തും. വിവരസാങ്കേതികവിദ്യയുടെ പുതിയ യുഗം പരിചയപ്പെടുത്തുന്ന മേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധപ്രവിശ്യകളില്‍നിന്നും രാജ്യത്തിനുപുറത്തുനിന്നുമായി സംരംഭകരും വിദഗ്ദ്ധരും റിയാദിലെത്തിക്കൊണ്ടിരിക്കുകയാണ്.
'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി ആഗോള സാങ്കേതിക കേന്ദ്രമാകാനുള്ള സൗദി അറേബ്യയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് മേള വേഗതപകരും.
ബിസിനസ് നെറ്റ്വര്‍ക്കിങ്ങും ടെക് മേഖലയിലെ നിക്ഷേപാവസരങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യം. 2030 റിയാദ് എക്‌സ്‌പോ, 2034 ലോകകപ്പ് ഉള്‍പ്പടെ ലോകശ്രദ്ധയിലേക്ക് രാജ്യം ഉയരാനൊരുങ്ങുമ്പോള്‍ ടെക്‌നോളജി രംഗത്ത് വലിയ കുതിപ്പ് ആവശ്യമാണെന്നും ലീപ് അതിനായുള്ള വേദിയാകുമെന്നും ഐ.ടിവിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ഹുവായി, എറിക്‌സണ്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് മള്‍ട്ടി നാഷനല്‍ കമ്പനികളും സൗദി അരാംകോ, സൗദി ടെലികോം ഉള്‍പ്പടെ പ്രമുഖ ദേശീയ കമ്പനികളും മന്ത്രാലയങ്ങളും സ്വന്തം പദ്ധതികളും ഉല്‍പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താന്‍ മേളയിലെത്തുന്നുണ്ട്. ഭക്ഷ്യമേഖലയിലും ആരോഗ്യരംഗത്തും സാമ്പത്തിക മേഖലയിലും ഉപയോഗിക്കാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമാണ് മേളയില്‍ പ്രാധാന്യം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സോഫ്റ്റുവെയര്‍ നിര്‍മിച്ചുനല്‍കുന്നതിന് ലോകോത്തരനിലവാരമുള്ള സോഫ്റ്റുവെയര്‍ കമ്പനികളും എന്‍ജിനീയര്‍മാരും പവലിയനിലുണ്ടാകും.
മേളയില്‍ പങ്കെടുക്കാന്‍ https://onegiantleap.com/tickets എന്ന പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഇമെയലായി ലഭിക്കുന്ന ഇ-ബാഡ്ജ് എക്‌സിബിഷന്‍ ഹാളിനുപുറത്തുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തി പ്രിന്റ് ചെയ്ത് ഉള്ളില്‍ പ്രവേശിക്കാം. റിയാദ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും പ്രമുഖ ഹോട്ടലുകളില്‍നിന്നും പ്രദര്‍ശനമേളയിലേക്ക് സൗജന്യ ബസ് സര്‍വിസ് ഉണ്ട്. പുറമെ 'കരീം' ടാക്‌സിയില്‍ പോകുന്നവര്‍ക്ക് 'LEAP 2025' എന്ന കോഡ് ഉപയോഗിച്ചാല്‍ ടാക്‌സി ചാര്‍ജ്ജില്‍ പ്രേത്യക കിഴിവുംനേടാം.
ലീപ് മേളനഗരിയിലേക്ക് ഇന്നു മുതല്‍ ബുധനാഴ്ച വരെ എല്ലാദിവസവും നിശ്ചിത ഇടവേളകളില്‍ ഷട്ടില്‍ ബസ് സര്‍വിസുണ്ടായിരിക്കും. റിയാദ് മെട്രോ ബ്ലൂ ലൈനിലെ 'സാബ്' സ്റ്റേഷനില്‍നിന്ന് രാവിലെ 11.45 മുതല്‍ വൈകീട്ട് 5.30 വരെയും തിരികെ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയും 15 മിനിറ്റ് ഇടവേളകളിലാണ് ബസ് സര്‍വിസ്.
Related News