l o a d i n g

കായികം

ലോസ് ബ്ലാങ്കോസിന്റെ 'എല്‍ പാഡ്രിനോ; യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തി, പെരസെന്ന മഹാമേരു

മുനീര്‍ വാളക്കുട

Thumbnail

ആരാണ് യൂറോപ്പ്യന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്നത്? ഏതൊരു സാധാരണക്കാരനായ ഫുട്‌ബോള്‍ കമ്പക്കാരന്റെയും ഉള്ളിലുദിക്കുന്ന ഒരു സംശയമാണത്. ഫിഫ, യുവേഫ, അറബ് ബില്യണേഴ്‌സ് തുടങ്ങിയ വലിയ പേരുകളാണ് അത്തരം ചര്‍ച്ചകളില്‍ സാധാരണ ഉയര്‍ന്ന് വരാറുള്ളത്. എന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോളിനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റായ ഫ്‌ലോറന്റിനോ പെരസിന്റെ പേര് തന്നെയാവും അവിടെ തെളിഞ്ഞ് വരിക. പെരസ് രാഷ്ട്രീയവും കച്ചവടവും നന്നായി അറിയുന്ന ഒരു തികഞ്ഞ ചാണക്യനാണ്.

1979 -ല്‍ സ്‌പെയിനിലെ യൂണിയന്‍ ഓഫ് ഡെമോക്രാറ്റിക് സെന്റര്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെ മാഡ്രിഡിന്റെ സിറ്റി കൗണ്‍സിലര്‍ ആയിട്ടാണ് പെരസ് തന്റെ പൊതുജീവിതം ആരംഭിച്ചത്. പിന്നീട് 1986 -ല്‍ ഡെമോക്രാറ്റിക് റീഫോര്‍മിസ്റ്റ് പാര്‍ട്ടിയുടെ എംപി ആയും സെക്രട്ടറി ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ന് സ്‌പെയിനിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഗ്രൂപ്പ് എസി എസിനെ നയിക്കുന്നതും പെരസ് തന്നെയാണ്. രാഷ്ട്രീയത്തിലെയും കച്ചവടത്തിലെയും ചാണക്യ തന്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് 2000-ത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഭീമനായിരുന്ന ലോറന്‍സോ സാന്‍സിനെ വെട്ടി പെരസ് ' ലോസ് ബ്ലാങ്കോസിന്റെ' സിംഹാസനത്തിലേക്ക് വരുന്നത്. പ്രസിഡന്റായി സ്ഥാനമേറ്റയുടന്‍ അദ്ദേഹം തന്റെ പ്രഖ്യാപിത നയമായ ' ഗലാറ്റിക്കോസ്' '(ലോകോത്തര താരങ്ങളെ ഒരേസമയം റയലില്‍ എത്തിക്കുക) നടപ്പാക്കി തുടങ്ങിയതോടെ ഫുട്‌ബോള്‍ലോകം ഒന്നാകെ അമ്പരന്നു.

യുവന്റസില്‍ നിന്ന് സിനദിന്‍ സിദാന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹൃദയമായിരുന്ന ഡേവിഡ് ബെക്കാം, ഇന്റര്‍ മിലാനില്‍ നിന്ന് ബ്രസീലിന്റെ റൊണാള്‍ഡോ തുടങ്ങിയ ലോകോത്തര താരങ്ങളെ പെരസ് സാന്റിയാഗോ ബെര്‍ണേബ്യൂവില്‍ എത്തിച്ചു. പക്ഷേ അതിനേക്കാള്‍ അപ്പുറം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു റയലിന്റെ ബദ്ധവൈരികളായ ബാഴ്‌സലോണയില്‍ നിന്ന് പോര്‍ച്ചുഗീസ് ഇതിഹാസമായ ലൂയിസ് ഫിഗോയെ റയല്‍ മാഡ്രിഡില്‍ എത്തിച്ച നീക്കം. അത് പിന്നീട് വലിയ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കും കാരണമായി. ബാഴ്‌സലോണയില്‍ ചേരുമ്പോള്‍ കാറ്റലോണിയന്‍ സംസ്‌കാരത്തെയും പൈതൃകങ്ങളെയും പ്രശംസിച്ച ഫിഗോ, റയലില്‍ ചേര്‍ന്നതോടെ ബാഴ്‌സ ആരാധകര്‍ക്ക് ചതിയനും കുലംകുത്തിയുമായി മാറി. പിന്നീട് ഫിഗോ ന്യൂ കാമ്പില്‍ എത്തുമ്പോഴൊക്കെ അവര്‍ തെറിവിളിയും പന്നിത്തലയുമായിട്ടായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്. പെരസിന്റെ 'ഗലാറ്റിക്കോസ് ' നയം ലോകമെങ്ങും റയലിന് ആരാധകരുണ്ടാക്കി. പരസ്യങ്ങളിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും റയലിന്റെ പണപ്പെട്ടിയില്‍ കോടികള്‍ കുമിഞ്ഞുകൂടി. പക്ഷെ പൊന്നും വിലയുള്ള ലോകോത്തര താരങ്ങളെ പാളയത്തില്‍ എത്തിച്ചിട്ടും റയലിന്റെ കിരീടവരള്‍ച്ച പെരസിന് പുറത്തേക്കുള്ള വഴിയൊരുക്കി. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ 2006-ല്‍ റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പെരസ് പുറത്തായി.

എന്നാല്‍ രാഷ്ട്രീയത്തിലുള്ള സ്വാധീനവും കുശാഗ്രബുദ്ധിയും 2009 -ല്‍ പെരസിനെ വീണ്ടും റയലിന്റെ സിംഹാസനത്തില്‍ എത്തിച്ചു. തനിക്കെതിരെ ഉയരുവാന്‍ സാധ്യതയുള്ള കൈകളെ വെട്ടിമാറ്റി തന്നെയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വരവ്. ആ വരവില്‍ റയലിന്റെ സമ്പന്നമായ ചരിത്രം നിലനിര്‍ത്തുകയും, ആഗോളതലത്തിലുള്ള അന്തസ്സും പ്രാവീണ്യവും നേടിയെടുക്കലുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം തന്റെ പഴയ ഗലാറ്റിക്കോസ് നയം തന്നെ പൊടിതട്ടിയെടുത്തു. അതിലൂടെ ക്രിസ്ത്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, റിക്കാര്‍ഡോ കക്ക, മാര്‍സെലോ, സാബി അലോണ്‍സോ തുടങ്ങിയ മിന്നും നക്ഷത്രങ്ങളെ റയലില്‍ എത്തിച്ച് അദ്ദേഹം വീണ്ടും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. താരങ്ങള്‍ക്കൊപ്പം വിലപിടിപ്പുള്ള പരിശീലകരും ബെര്‍ണേബ്യൂവില്‍ എത്തി. അതോടെ പണത്തിനൊപ്പം കിരീടങ്ങളും റയലിന്റെ തട്ടകത്തിലേക്ക് ഒഴുകിത്തുടങ്ങി. പിന്നീട് ലോകമെമ്പാടുമുള്ള' ലോസ് ബ്ലാങ്കോസ്' ഫാന്‍സിന് പെരസ് പ്രിയപ്പെട്ടവനായി മാറി. അവിടം മുതല്‍ തുടങ്ങുകയായിരുന്നു ചോദ്യം ചെയ്യപ്പെടാനാവാത്ത പെരസ് യുഗം.

ഫുട്‌ബോളിനെ വില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നാണ് പെരസിനെ അദ്ദേഹത്തിന്റെ എതിരാളികള്‍ വിശേഷിപ്പിക്കാറുള്ളത്. എന്തൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടാലും റയല്‍ മാഡ്രിഡിനെ പ്രതാപികളായി നിലനിര്‍ത്തുന്നത് പെരസിന്റെ വിട്ടുവീഴ്ചയില്ലാത്ത നയങ്ങളും, നിലപാടുകളും തന്നെയാണ്. റയലിനെ പോലെ തന്നെ പേരും പെരുമയും വലിയ ചരിത്രങ്ങളും ഉള്ളവരായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡും, ഏ സി മിലാനും, ഇന്ററും, ബാഴ്‌സലോണയുമൊക്കെ. എന്നാല്‍ ഇന്നത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ഫുട്‌ബോള്‍ നിരീക്ഷിക്കുന്ന എല്ലാവര്‍ക്കും അറിയാം. മിലാന്‍ ടീമുകളുടെ മത്സരങ്ങള്‍ കാണാന്‍ പോലും ആരാധകര്‍ ഇല്ലാതെയായി. വിജയങ്ങള്‍ ഉണ്ടെങ്കിലും കടം കുമിഞ്ഞു കൂടി താരങ്ങളെ സൈന്‍ ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ന് ബാഴ്‌സലോണ. അപ്പോഴും വിജയങ്ങളും തോല്‍വികളും മത്സരങ്ങളുടെ ഭാഗമാണെങ്കിലും റയലിനെ പ്രതാപികളായി നിലനിര്‍ത്തുന്നതും ആഗോള ബ്രാന്‍ഡാക്കി മാറ്റിയതും പെരസിന്റെ വിട്ടുവീഴ്ചയില്ലാത്ത നയങ്ങളാണ്. 2021ല്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് എന്ന പുതിയ ആശയവുമായി യൂറോപ്പിലെ ചില മുന്‍നിര ക്ലബ്ബുകള്‍ മുന്നോട്ടുവന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തീര്‍ത്തും കച്ചവട താല്പര്യത്തോടെയുള്ള ആ നീക്കത്തിന് പിന്നിലും പെരസിന്റെ ചാണക്യബുദ്ധി തന്നെയായിരുന്നു. അതിനെതിരെ ഫിഫയും യുവേഫയും രാഷ്ട്രീയ പാര്‍ട്ടികളും ചില താരങ്ങളും രംഗത്ത് വന്നതോടെ യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് എന്ന ആശയം പെരസും കൂട്ടരും തല്‍ക്കാലം ഉപേക്ഷിച്ചു.

എന്നാല്‍ 2025 ജനുവരിയില്‍ പെരസ് വീണ്ടും എതിരാളികളില്ലാതെ റയലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ പ്രഖ്യാപിത നയങ്ങളില്‍ ആദ്യത്തേത് യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് തന്നെയാണ്. മറ്റൊന്ന് 2030 ലോകകപ്പിന്റെ ഫൈനല്‍ സാന്റിയാഗോ ബെര്‍ണേബ്യൂവില്‍ നടത്തുമെന്നും. ഇതുവരെയുള്ള പ്രഖ്യാപിത നയങ്ങളൊക്കെ നടപ്പിലാക്കിയ പെരസിന് ഇതും സാധിക്കുമെന്ന് ഉറപ്പാണ്. പെരസ് എന്ന രാഷ്ട്രീയക്കാരന്റെയും കച്ചവടക്കാരന്റെയും നയതന്ത്ര ഇടപെടലുകളൊക്കെ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമാണ്. സ്‌പെയിനിന് എന്നും തലവേദനയായ കാറ്റലോണിയന്‍ ദേശീയ ചലനങ്ങളെയും മുദ്രാവാക്യങ്ങളെയും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് തുടച്ച് നീക്കുന്നതില്‍ ഒരു പരിധിവരെ പെരസിനും പങ്കുണ്ട്. ബാഴ്‌സലോണ ഒരു ഫുട്‌ബോള്‍ ക്ലബ് എന്നതിനപ്പുറം കാറ്റലന്‍ സംസ്‌കാരത്തിന്റെ ഒരു പ്രതീകം കൂടിയാണ്. അവരുടെ ഹോം ഗ്രൗണ്ടായ ന്യൂകാമ്പ് കാറ്റലന്‍ ജനതയ്ക്ക് ഒരു തീര്‍ത്ഥാടന കേന്ദ്രം പോലെയുമാണ്. അതുകൊണ്ടു തന്നെ കാറ്റലന്‍ സംസ്‌കാരത്തിന്റെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും അടയാളപ്പെടുത്താന്‍ ആരാധകര്‍ ബാഴ്‌സയുടെ മത്സരങ്ങള്‍ തിരഞ്ഞെടുത്തു. അത് സ്പാനിഷ് രാഷ്ട്രീയത്തിലും സാംസ്‌കാരിക രംഗത്തും മുറുമുറുപ്പുകള്‍ ഉയര്‍ത്തി തുടങ്ങി. അവിടെ പെരസ് തന്റെ നയതന്ത്ര ബുദ്ധി ഉപയോഗിച്ച് ആ ' രാഷ്ട്രീയക്കളിയെ' ഒതുക്കി. ഒപ്പം കാറ്റലന്‍ സംസ്‌കാരത്തോടും ഭാഷയോടും പൈതൃകങ്ങളോടും എല്ലാക്കാലത്തും എതിര്‍പ്പ് പ്രകടിപ്പിച്ച മാഡ്രിഡ്ക്കാരുടെ അമിത ദേശീയതക്ക് കടിഞ്ഞാണിട്ടതും പെരസ് തന്നെയാണ്. എല്‍ പാഡ്രിനോ എന്ന സ്പാനിഷ് പദത്തിന്റെ മലയാള പരിവര്‍ത്തനം തലതൊട്ടപ്പന്‍ എന്നാണ്. റയല്‍ മാഡ്രിഡിന്റെയും യൂറോപ്പ്യന്‍ ഫുട്‌ബോളിന്റെയും തലതൊട്ടപ്പനായ ഫ്‌ലോറന്റിനോ പെരസ് എന്ന 77 കാരന്റെ തീരുമാനങ്ങളും നയങ്ങളും പുതിയ കാലത്തിന്റെ ഫുട്‌ബോളിനെ എവിടെയെത്തിക്കുമെന്ന് കാത്തിരുന്നു കാണാം.

-മുനീര്‍ വാളക്കുട

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025