പനജി: ഐ ലീഗില്‍ ജയം തേടി ഗോകുലം കേരള നാളെ (വെള്ളി) കളത്തിലിറങ്ങുന്നു. ഉച്ചക്ക് 3.30ന് ഗോവയിലെ റയ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഗോകുലം മത്സരത്തിനിറങ്ങുന്നത്. അവസാന മത്സരത്തില്‍ ഇന്റര്‍ കാശിയോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഗോകുലത്തിന് ഇന്ന് ജയിച്ചേ തീരു. ഇന്റര്‍ കാശിക്കെതിരേ സ്വന്തം മൈതാനത്ത് 6-2ന്റെ ജയം നേടിയ ഗോകുലം എവേ മത്സരത്തില്‍ 3-2 എന്ന സ്‌കോറിനായിരുന്നു പരാജയപ്പെട്ടത്. നിലവില്‍ 12 മത്സരം പൂര്‍ത്തിയായപ്പോള്‍ ഗോകുലം കേരള പട്ടികയില്‍ ആറാം സ്ഥാനത്താണുള്ളത്. അഞ്ച് മത്സരത്തില്‍ ജയിച്ചപ്പോള്‍ നാല് എണ്ണം സമനിലയില്‍ കലാശിക്കുകയം ചെയ്തു. മൂന്ന് മത്സരത്തിലായിരുന്നു ഗോകുലം തോറ്റത്. അവസാന നാലു മത്സരങ്ങളിലും മുന്നേറ്റനിരയിലും ഫൈനല്‍ തേഡിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഗോകുലത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ചര്‍ച്ചിലിനെ വീഴ്ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിയന്‍സ്.
അവസാന മത്സരത്തില്‍ പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ബംഗളൂരു എസ് സി ചര്‍ച്ചിലിനെ 1-1ന് സമനിലയില്‍ തളച്ചിരുന്നു. '' നിലവില്‍ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. താരങ്ങളെല്ലാം ഒത്തിണക്കം കാണിക്കുന്നതിനാല്‍ മുന്നേറ്റവും പ്രതിരോധവും ഒരുപോലെ മികവ് കാട്ടുന്നത്. ഇന്നത്തെ മത്സരത്തില്‍ ചര്‍ച്ചിലിനെ തോല്‍പ്പിച്ച് മൂന്ന് പോയിന്റ് നേടാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം'' പരിശീലകന്‍ അന്റോണിയോ റുവേഡ വ്യക്തമാക്കി.
Related News