റിയാദ്: ഫെബ്രുവരി 21ന് റിയാദില്‍ സംഗീതജ്ഞന്‍ എ.ആര്‍.റഹ്‌മാന്‍ നേതൃത്വം നല്‍കുന്ന 'എആര്‍ റഹ്‌മാന് ലൈവ് ഇന്‍ കണ്‍സേര്‍ട്ട്' സംഗീത കച്ചേരിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.ആര്‍. റഹ്‌മാന്‍ ആദ്യമായി റിയാദില്‍ ഒരുക്കുന്ന സംഗീത പരിപാടി റിയാദ് ദഹിയത് നമറിലെ ജബല്‍ അജ്യാദ് റോഡിലെ ദിറാബ് പാര്‍ക്കില്‍ ആണ് അരങ്ങേറുന്നത്.
'അഭിഷേക് ഫിലിംസ്, വൈറ്റ് നൈറ്റ്‌സ് എന്നിവരാണ് പരിപാടിയുടെ പ്രൊമോട്ടര്‍മാര്‍. വിഷ്വലൈസ് ഇവന്റ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദില്‍ അരങ്ങേറുന്ന ഏറ്റവും വലിയ ഏഷ്യന്‍ സംഗീത പരിപാടിയായി എആര്‍ റഹ്‌മാന് ലൈവ് ഇന്‍ കണ്‍സേര്‍ട്ട്' മാറുമെന്നും, റിയാദില്‍ നടക്കുന്ന റഹ്‌മാന്റെ ആദ്യ കച്ചേരിക്ക് രാജ്യത്തുടനീളവും പുറത്തും നിന്ന് മുപ്പതിനായിരത്തോളം ആരാധകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
പൊതുജനങ്ങളുടെ അഭ്യര്‍ത്തനമാനിച്ച് ടിക്കറ്റ് നിരക്ക് കുറച്ചതായും, 75 റിയാല്‍ മുതല്‍ 999 റിയാല്‍ വരെ വിവിധ വിഭാഗങ്ങളിലായി ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
ഈ ഇവന്റ് റഹ്‌മാന്റെ കാലാതീതമായ കലാവൈഭവത്തെ ആഘോഷിക്കുക മാത്രമല്ല, പങ്കെടുക്കുന്ന എല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു വിനോദാനുഭവം നല്‍കുകയും ചെയ്യുമെന്നും, എ ആര്‍ റഹ്‌മാനും ടീമിനെയും കൂടാതെ മലയാള സിനിമയിലെ ഒരു പ്രമുഖ താരവും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ വേലു സി ആര്‍, ദാനിഷ് ചന്ദ്രന്‍, നൗഫല്‍ പൂവക്കുറിശ്ശി എന്നിവര്‍ പങ്കെടുത്തു.
Related News