അണ്ടര്‍ 19 വനിത ട്വന്റി20 ലോകകപ്പ് രണ്ടാം തവണയും ഇന്ത്യക്ക്
ക്വാലാലംപുര്‍: അണ്ടര്‍ 19 വനിത ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ക്വാലാലംപുരില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പതു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ ടീം രണ്ടാം തവണയും കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 82 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്താണ് വിജയികളായത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയലക്ഷ്യം മറികടക്കാനായി. 2023ല്‍ നടന്ന പ്രഥമ അണ്ടര്‍ 19 വനിത ട്വന്റി20 ലോകകപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു.
ഓപ്പണര്‍ ഗൊംഗഡി തൃഷയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച താരം, 33 പന്തില്‍ എട്ടു ഫോറടക്കം 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബൗളിങ്ങിലും തിളങ്ങി. നാലു ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സനിക ചാല്‍ക്കെ 22 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ എട്ടു റണ്‍സെടുത്ത ജി. കമാലിനിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിലൊതുക്കിയത്. 18 പന്തില്‍ 23 റണ്‍സെടുത്ത മീകെ വാന്‍ വൂര്‍സ്റ്റാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നാലു പേര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ശബ്‌നം ശാകില്‍ ഒരു വിക്കറ്റും നേടി. മലയാളി താരം വി.ജെ. ജോഷിത രണ്ടു ഓവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ടൂര്‍ണമെന്റില്‍ താരം ആറു വിക്കറ്റ് നേടിയിരുന്നു.
ഇന്ത്യന്‍ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഗൊംഗഡി തൃഷ, ജി. കമാലിനി, സനിക ചാല്‍ക്കെ, ഈശ്വരി അവ്‌സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ശബ്‌നം ശാകില്‍, വൈഷ്ണവി ശര്‍മ, വി.ജെ. ജോഷിത, സിസോദിയ.
Related News