കോഴിക്കോട്: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ ജയം തുടരാന്‍ ഗോകുലം കേരളയുടെ പെണ്‍പട ഇന്ന് കളത്തിലിറങ്ങുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയില്‍നിന്നുള്ള ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് ഈസ്റ്റ് ബംഗാള്‍. അതിനാല്‍ ശക്തമായി പൊരുതിയാല്‍ മാത്രമേ ഇന്ന് എതിരാളികളെ വീഴ്ത്താന്‍ കഴിയൂ.
രണ്ട് തവണ ഗോകുലം വനിതാ ടീമിനെ ഐ.ഡബ്യൂ.എല്‍ കിരീടം ചൂടിക്കുന്നതില്‍ നേതൃത്വം നല്‍കിയ ആന്റണി ആന്‍ഡ്രൂസാണ് ഈസ്റ്റ് ബംഗാള്‍ ടീമിനെ പരീശിലിപ്പിക്കുന്നത്. '' എതിരാളികള്‍ ശക്തരാണ് എന്ന ധാരണ ടീമിനുണ്ട്. മത്സരത്തിന്റെ അവസാന നിമിഷം വരെ ജയത്തിനായി പൊരുതുക. എതിര്‍ മുന്നേറ്റങ്ങളെ തുടക്കത്തിലേ തടയിടാന്‍ പ്രതിരോധത്തിന്റെ ശക്തികൂട്ടുക'' തുടങ്ങിയ പദ്ധതികളാണ് ഗ്രൗണ്ടില്‍ നടപ്പാക്കാന്‍ ഉദ്ദേശ്യക്കുന്നത്. പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. നിലവില്‍ പരുക്കും മറ്റുമില്ലാത്തതിനാല്‍ ടീമിനെ കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലു മത്സരത്തില്‍നിന്ന് എട്ടു പോയിന്റുള്ള ഗോകുലം കേരള ഇപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഹോപ്സ് ഫുട്ബോള്‍ ക്ലബിനെ തോല്‍പ്പിച്ചാണ് ഗോകുലം എത്തുന്നത്. വൈകീട്ട് 4നാണ് മത്സരം. മത്സരം വീക്ഷിക്കാന്‍ സൗജന്യമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകും.
Related News