കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരളക്ക് തോല്‍വി. ഇന്നലെ നടന്ന എവേ മത്സരത്തില്‍ ഇന്റര്‍ കാശിയോടായിരുന്നു മലബാറിയന്‍സ് പരാജയപ്പെട്ടത്. 3-2 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ തോല്‍വി. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഗോകുലം കേരളയായിരുന്നെങ്കിലും മത്സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞില്ല. 40-ാം മിനുട്ടില്‍ അബെലഡോയുടെ പാസില്‍നിന്ന് അഭിജിത്തായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ലീഡ് അധിക സമയം നീണ്ടുനിന്നില്ല.
43-ാം മിനുട്ടില്‍ ഡോമി ബര്‍ലങ്കയുടെ ഗോളില്‍ ഇന്റര്‍ കാശി സമനില കണ്ടെത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനലിയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ബാക്കി ഗോളുകളെല്ലാം പിറന്നത്. 65-ാം മിനുട്ടില്‍ ഡോമി വീണ്ടും ഇന്റര്‍ കാശിക്കായി ഗോള്‍ നേടി ലീഡ് കണ്ടെത്തി. ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം ശക്തമായ ശ്രമം നടത്തുന്നതിനിടെ മൂന്നാം ഗോളും വഴങ്ങി. 69-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍നിന്നായിരുന്നു ഇന്റര്‍ കാശി മൂന്നാം ഗോള്‍ നേടിയത്.
എന്നാല്‍ ശക്തമായി പൊരുതി ഗോകുലം 74-ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തി. വിദേശ താരം സിനിസ സ്റ്റാനിസാവിച്ചായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. പിന്നീട് സമനിലക്കായി മലബാറിയന്‍സ് ശക്തമായി പൊരുതിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 12 മത്സരത്തില്‍ 19 പോയിന്റുള്ള ഗോകുലം പട്ടികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍. ഏഴിന് ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Related News