വ്യക്തികള്‍, കുടു:ബങ്ങള്‍,സമൂഹങ്ങള്‍, രാഷ്ട്രങ്ങള്‍ തുടങ്ങിയ ബന്ധങ്ങളുടെ കെട്ടുറപ്പില്‍ വിട്ടുവീഴ്ചക്ക് പ്രധാന പങ്കുണ്ട്. ഇതൊരു യാഥാര്‍ഥ്യമാണെങ്കിലും നമ്മളതിന് സന്നദ്ധരാവാറില്ല. അതൊരു മൈന്റ് ബ്ലോക്കാണ. ഇത് നീങ്ങാന്‍ ചില തത്ത്വങ്ങള്‍ പരിചയപ്പെടാം. വിട്ട് വീഴ്ച കീഴടങ്ങലല്ല എതിര്‍കക്ഷിയെ കീഴടക്കലാണ്.
അവന്റെ മനസ്സിലെ വെറുപ്പിന്റെ കരിമ്പാറകളെ തകിട് പൊടിയാക്കുന്ന വെടി മരുന്നാണ് വിട്ടുവീഴ്ച! മനുഷ്യര്‍ക്ക് ഏത് പ്രതിസന്ധിയിലും താങ്ങായി മാറുന്ന ഒരു ബന്ധമാണ് സൃഷ്ടാവിനോടുള്ള ബന്ധം. എത്ര വലിയ തെറ്റു കാരനാണെങ്കിലും എന്തുകൊണ്ടാണ് സൃഷ്ടാവ് അഭയം തരുമെന്ന് നമുക്ക് തോന്നുന്നത്? അവനെന്നോട് വീട്ടുവീഴ്ച ചെയ്യുമെന്ന ശുഭാപ്തി വിശ്വാസം അത് തന്നെ. സര്‍വ്വാധിപതിയായ റബ്ബിന്റെ സ്വഭാവമാണ് വിട്ടുവീഴ്ച. പ്രതികാരം ചെയ്യാന്‍ കഴിയാത്തവന്റെ കീഴടങ്ങലല്ല, അത് ഈ ബോധ്യം നമുക്കെന്നുണ്ടാകുന്നുവോ അന്ന് മുതല്‍ എതിര്‍ കക്ഷിയോട് വിട്ടുവീഴ്ച കാണിക്കാനുള്ള ധീരത നമ്മള്‍ നേടും.
വിട്ടുവീഴ്ചയുടെ ഗുണം ഏറെ അത്ഭുതമാണ്. എന്നന്നേക്കുമായി അറ്റു പോയേക്കാവുന്ന ബന്ധങ്ങളെ വരിഞ്ഞ് മുറുക്കുന്ന പിരിപൊട്ടാത്ത ഉരുക്ക് കയറാണത് !
നമ്മള്‍ ഏതു മേഖലയിലാണെങ്കിലും വിട്ടുവീഴ്ചാ മനോഭാവത്തോടെയുള്ള പെരുമാറ്റമേ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കൂ. ഇതിന്റെ മനോഹാരിത കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുക ദാമ്പത്യത്തിലും പൊതുജീവിതത്തിലുമാണ്. എതിര്‍ കക്ഷിയോടുള്ള വിട്ടുവീഴ്ച ധീരതയുടെ കുറവാണെന്ന് കരുതുന്നവരാണ് പലരും.
നിന്റെ പോരായ്മകളോട് കൂടിതന്നെ നിന്നെ ഉള്‍കൊള്ളാന്‍ ഞാന്‍ സന്നദ്ധനാണെന്ന ധീരമായ പ്രഖ്യാപനമാണത്.
'തിന്മയെ നന്മ കൊണ്ട് നേരിട്ടാല്‍ ശത്രു ഉറ്റമിത്രമാകും' എന്നത് ഖുര്‍ആന്റെ വാഗ്ദാനമാണ്. തിരുനബി (സ)യില്‍ അതിന് എത്രയോ മാതൃകളുണ്ട്. ഇസ്ലാമിന്റെ ശത്രുവായിരുന്ന സുമാമക്ക് മൂന്ന് ദിവസം തിരുമേനി(സ)യോടൊന്നിച്ച് കഴിഞ്ഞ് കൂടാന്‍ അവസരം ലഭിച്ചപ്പോള്‍ സുമാമ പറഞ്ഞത് കവി ആറ്റി കുറുക്കിയത് ഇങ്ങനെ
''അങ്ങുതന്‍ പൂമുഖംപോല്‍
പ്രിയമില്ലൊന്നുമീ പ്രപഞ്ചമില്‍''
ശത്രു മിത്രമായി മാറുന്ന വിചിത്രമാണ് വിട്ട് വീഴ്ചയുടെ നേട്ടം. ഇത് പരലോകത്ത് പ്രതിഫലം കിട്ടുന്ന കാര്യമായി മാത്രം കാണരുത്. ഒരാളോട് പകവെച്ച് നടക്കുമ്പോള്‍ അത്രയും കാലം ആ ചിന്തകള്‍ നമ്മുടെ മനസ്സിനെ മലിനമാക്കുകയും പകപോക്കാനുള്ള കോപ്പുകള്‍ക്കായി നിരന്തരം ചിന്തിച്ച് എത്രയോ സമയം നഷ്ടപ്പെടുകയും ചെയ്യുന്നു. അവസാനം പകവീട്ടിയാല്‍ താല്‍കാലികമായി സന്തോഷം ലഭിക്കുമെങ്കിലും പിന്നീടത് പാശ്ചാതാപമായി പരിണമിക്കുകയും അതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യേണ്ടിവരും. എന്നാല്‍ വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ സംതൃപ്തി കിട്ടുകയും സൗഹൃദം സംസ്ഥാപിക്കുകയും ചെയ്യുന്നു.
മാപ്പ് കൊടുക്കുന്നതിലൂടെ പ്രതി സുരക്ഷിതനാവുന്നതിലേറെ നമ്മള്‍ സുരക്ഷിതരാവുകയാണ്. മാപ്പ് കൊടുക്കാത്ത കാലത്തോളം അവനെ ചുമന്ന് നടക്കുന്നതിന് തുല്യമാണ്. കാരണം അവനോടുള്ള ഈര്‍ഷ്യത നമ്മുടെ ഊര്‍ജം ചോര്‍ത്തികൊണ്ടേയിരിക്കും. മാപ്പ് കൊടുത്താല്‍ അവനെ കുറിച്ച് ചിന്തിക്കുന്ന സമയം കൂടി നല്ല കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയുമെന്നത് തീര്‍ച്ച.
'നിങ്ങളുടെ ഉള്ളില്‍ നിറച്ച് വെച്ചിട്ടുള്ള വെറുപ്പും വിദ്വേഷവും ഉപേക്ഷിക്കുമ്പോള്‍ വാസ്തവത്തില്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ ഒരു കാര്യം ചെയ്യുകയാണ് ' [ who will cry when you Die? ]. 'മാപ്പ് കൊടുക്കല്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ സ്വതന്ത്രനാകാന്‍ സഹായിക്കുന്നു. മാപ്പ് നല്‍കുന്നതോടെ നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തെ നശിപ്പിക്കുന്ന അസ്വസ്ഥ ചിന്തകളേയും വികാരങ്ങളേയും സ്വഭാവികമായും നാം ഉപേക്ഷിക്കുന്നു. മാപ്പ് നല്‍കുന്നതിലൂടെ ലഭിക്കുന്ന അനന്തമായ ഗുണങ്ങളോടൊപ്പം ഉയര്‍ന്ന ആരോഗ്യവും ആഹ്ലാദവുമാണ് ഫലം' [ReProgram Your mind for Success].
മാപ്പ് മുക്തിയും മാന്യതയും ഔനത്യവും നേടിത്തരും. 'തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജം. ക്ഷമിക്കുന്നത് ദിവ്യവും ' (Alexander Pope)..
-മുഹമ്മദ്ഫാറൂഖ്‌ഫൈസി മണ്ണാര്‍ക്കാട്
Related News