ലോകത്തിലെ മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്പൂച്ചി ജിദ്ദയില്‍. ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്ര കപ്പലും പരിശീലന കപ്പലുമായ അമേരിഗോ വെസ്പൂച്ചി ജിദ്ദയില്‍ നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ കപ്പല്‍ 30 വരെ ജിദ്ദ യാച്ച് ക്ലബ് & മറീനയില്‍ ഉണ്ടാകും. ഈ ദിവസങ്ങളില്‍ കപ്പല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാനാകും. 93 വര്‍ഷം പഴക്കമുള്ള കപ്പലിലെ സന്ദര്‍ശനത്തിന് തുടക്കമിട്ടുള്ള വില്ലാജിയോ ഇറ്റലിയുടെ ഉദ്ഘാടനം സൗദി പ്രതിരോധ സഹമന്ത്രി തലാല്‍ ബിന്‍ അബ്ദുല്ല അല്‍ ഒതൈബിയുടെയും ഇറ്റാലിയന്‍ പ്രതിരോധ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്നു.
ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രതീകങ്ങളില്‍ ഒന്നാണ് വെസ്പുച്ചി. 2023 ജൂലൈ ഒന്നിന് ജെനോവ തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെട്ടത്. ഇറ്റലിയെ ഒരു രാജ്യമാക്കി മാറ്റുന്ന സംസ്‌കാരം, ചരിത്രം, നവീകരണം, ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവ ഇതിനോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2023 ജൂലൈ 1 ന് ഇറ്റലിയിലെ ജെനോവ തുറമുഖത്ത് നിന്ന് ആരംഭിച്ച കപ്പല്‍ രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ 33-ാം ഘട്ടത്തിലാണ്. മെഡിറ്ററേനിയനിലേക്ക് മടങ്ങുന്നതിന് മുമ്പ് അഞ്ച് ഭൂഖണ്ഡങ്ങളും 30 രാജ്യങ്ങളും 35 തുറമുഖങ്ങളും ചുറ്റിയാണ് ജിദ്ദയിലെത്തിയിട്ടുള്ളത്.
അമേരിഗോ വെസ്പൂച്ചി ഒരു പര്യവേഷകനും, ഫിനാന്‍സറും, നാവിഗേറ്ററും, കാര്‍ട്ടോഗ്രാഫറുമായിരുന്നു. ഒരിക്കലും സൗദി അറേബ്യയിലെ ജിദ്ദ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഇറ്റാലിയന്‍ പര്യവേക്ഷകനും നഗരവും തമ്മില്‍ ആകര്‍ഷകമായ ബന്ധമുണ്ട്. 2022-ല്‍ റിയാദിലെ ഇറ്റാലിയന്‍ എംബസിയും ജിദ്ദ മുനിസിപ്പാലിറ്റിയും സഹകരിച്ച് ജിദ്ദയിലെ ഒരു തെരുവിന് അമേരിഗോ വെസച്ചിയുടെ പേര് നല്‍കിയിരുന്നു. ഇറ്റലിയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന് പേരുകേട്ട ചരിത്ര പ്രദേശമായ ജിദ്ദയിലെ അല്‍-ഹംറ ജില്ലയിലാണ് 'അമേരിഗോ വെസ്പൂച്ചി റോഡ്'.
ചരിത്രപ്രാധാന്യമുള്ള കപ്പലിന്റെ സുന്ദരമായ അകക്കാഴ്ചകള്‍ക്കൊപ്പം ഇറ്റലിയുടെ കലാസാംസ്‌കാരിക, സാങ്കേതിക പൈതൃകവും തനത് സംഗീതവും ഭക്ഷണവും അനുഭവിച്ചറിയാം. ഒലിവ് ഓയിലിന്റെ ഉല്‍പാദം സംബന്ധിച്ച ക്ലാസുകളും കേള്‍ക്കാം. അമേരിഗോ വെസ്പൂച്ചി സന്ദര്‍ശിക്കാന്‍, ഔദ്യോഗിക വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. റജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യമായി പ്രവേശനാനുമതി ലഭിക്കും.
https://tourvespucci.it/en/jeddah-january-2025/?fbclid=PAY2xjawIFJYRleHRuA2FlbQIxMAABphrzzecZHJRyGgt2R1ZxYSAeKM97z-lHDMfUfD_bg89PPy8m5rcjgGvyQA_aem_eQQKEw_pvFV-MVkQx7gFoQ#program
Related News