മറ്റുള്ളവരോടൊപ്പമല്ലാതെ ഏകനായിരിക്കേ ഓര്‍ക്കാപ്പുറത്ത് നെഞ്ചില്‍ കഠിനമായ വേദന വന്നുവെന്ന് കരുതുക! വേദന കൈകളിലേക്കോ താടിയെല്ലിലേക്കോ വ്യാപിക്കുന്നു. അത് ഹൃദയാഘാതമാണെന്ന വിശ്വാസത്തില്‍ നിങ്ങളും. അന്നേരം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ശാരീരികാസ്വാസ്ഥ്യം എപ്പോഴും വന്നേക്കാമെന്ന മുന്‍കൂട്ടി കാണല്‍ പോലെ സുപ്രധാനമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച അറിവും ബോധവും. കാരണം, അത് നിങ്ങളുടെ ജീവന്‍ രക്ഷിച്ചേക്കാം.
ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ വാര്‍ത്തകളും ഉപദേശങ്ങളും ഉള്‍കൊള്ളുന്ന 'നോര്‍വീജിയന്‍ സയന്‍സ് റിപ്പോര്‍ട്ട്' മാസിക പ്രസിദ്ധീകരിച്ച ഒരു ആര്‍ട്ടിക്കിള്‍ മുഖവുരയില്‍ പറയുന്ന പോലെ, 'ഒറ്റക്കായിരിക്കേ വരുന്ന ഹൃദയാഘാതവും അതിന്റെ ലക്ഷണങ്ങളും അത്യധികം പേടിപ്പെടുത്തുന്നതാണ്. അതേസമയം, അത്തരം നേരങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച മുന്‍കൂട്ടിയുള്ള അറിവ് വലിയ ആശ്വാസം പകരുമെന്ന് മാത്രമല്ല അത് ജീവന്‍ രക്ഷയായി മാറുകയും ചെയ്യും'.
ഹൃദയാഘാതം:
ഹൃദയത്തില്‍ നിന്ന് രക്തയോട്ടം നിലക്കുന്നതോടെയാണ് ശരീരം ഹൃദയാഘാതത്തിലേക്ക് നീങ്ങുന്നത്. അതോടെ, ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ ഹൃദയാഘാതം സംഭവിക്കുന്നു. ഓക്‌സിജന്‍ ഇല്ലാതെ ഹൃദയ പേശികള്‍ നിര്‍ജീവമായി തുടങ്ങുന്നു. സര്‍വ സാധാരണയായുള്ള ലക്ഷണങ്ങള്‍:
- നെഞ്ചില്‍ വേദന അല്ലെങ്കില്‍ സമ്മര്‍ദ്ദം.
- കൈകള്‍, പുറംഭാഗം, കഴുത്ത്, താടിയെല്ല്, വയറ് എന്നിവിടങ്ങളില്‍ അസ്വാസ്ഥ്യം.
- ശ്വാസം മുട്ടല്‍.
- തണുത്ത വിയര്‍പ്പ്, ഓക്കാനം, അല്ലെങ്കില്‍ തലകറക്കം. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ. കാരണം, സംഗതി അതിനിര്‍ണായകമാണ്.
ഉടനടി ചെയ്യേണ്ട 3 കാര്യങ്ങള്‍
1- സഹായത്തിനായി സാധ്യമായവരുമായി ബന്ധപ്പെടുക:
ചികിത്സാ കേന്ദ്രങ്ങളിലെ എമര്‍ജന്‍സി സര്‍വീസ് വിഭാഗത്തെ ഉടന്‍ വിളിക്കുക, ലക്ഷണങ്ങള്‍ ക്രമേണ മാറുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കരുത്, സമയം വളരെ പ്രധാനമാണ് - വേഗത്തിലുള്ള ചികിത്സ നിങ്ങളുടെ ഹൃദയത്തെ ഗുരുതരമായ കേടുപാടുകളില്‍ നിന്ന് രക്ഷിക്കുകയും അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കടുത്ത ലക്ഷണങ്ങള്‍ കാരണം ആശയവിനിമയം പോലും ബുദ്ധിമുട്ടാണെങ്കില്‍, ആധുനിക സങ്കേതങ്ങളായ ഫോണ്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് വാച്ച് പോലുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും താമസം വിനാ അറിയിക്കാന്‍ ശ്രമിക്കുക.
2- ആസ്പിരിന്‍ ചവയ്ക്കുക:
കൈവശം ആസ്പിരിന്‍ ഉണ്ടെങ്കില്‍ അത് ചവച്ചു കൊണ്ടിരിക്കുക. എന്നാല്‍ അലര്‍ജി ബാധ ഉള്ളയാളായിരിക്കരുത്. 325 മില്ലിഗ്രാം ഗുളികകള്‍ ചവയ്ക്കുക. രക്തം കട്ടപിടിക്കുന്നത് തടയുമെന്നതിന് പുറമേ മരുന്നിന്റെ ഫലം വേഗത്തില്‍ ലഭിക്കാനും ചവക്കുന്നതാണ് സഹായകരമാണ്. നിങ്ങളുടെ ഡോക്ടര്‍ ആസ്പിരിന്‍ കഴിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് അനുസരിക്കുക.
3- ശാന്തത പാലിക്കുക:
കഴിയുന്നത്ര ശാന്തനായിരിക്കാന്‍ ശ്രമിക്കുക. കസേരയില്‍ എന്ന പോലെ പകുതി ചാരിയ നിലയില്‍ ഇരിക്കുക. ഇത് ഹൃദയത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പരിഭ്രാന്തി നിങ്ങളുടെ ഹൃദയത്തെ കൂടുതല്‍ കഠിനമാക്കും, അതിനാല്‍ സ്വാഭാവിക രീതിയിലുള്ള ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
പാടില്ലാത്ത 3 കാര്യങ്ങള്‍
1- ലക്ഷണങ്ങള്‍ അവഗണിക്കരുത്:
ചിലപ്പോള്‍ ലക്ഷണങ്ങള്‍ നേരിയ തോതിലായിരിക്കാം. കടുപ്പത്തിലല്ലാതെ ചെറിയൊരു പൊറുതികേട് മാത്രമായിരിക്കാം. അത് ഹൃദയാഘാതമാണെന്ന് ഉറപ്പില്ലെങ്കില്‍ പോലും വൈദ്യ സഹായം തേടുന്നതാണ് ഉചിതം, മറിച്ചാവുന്നത് മാരകവും.
2- ആശുപത്രിയിലേക്ക് സ്വയം വാഹനമോടിക്കരുത്:
ഹൃദയാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം വാഹനമോടിച്ച് ആശുപത്രിയിലേക്കായാലും പോകരുത്. അത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടം വരുത്തിവെച്ചേക്കാം. എമര്‍ജന്‍സിയില്‍ എത്തിയാലുടന്‍ ചികിത്സ തുടങാനും അതാണ് നല്ലത്. ഒട്ടും വൈകാതെ തുടങ്ങുന്ന പരിചരണം ജീവന്‍രക്ഷയായി മാറിയേക്കാം.
3- കുളിക്കുകയോ ഷവര്‍ ബാത്ത് ചെയ്യുകയോ അരുത്:
അസ്വസ്ഥതകള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമായി കുളിയും ഷവര്‍ ബാത്തും തോന്നാമെങ്കിലും, ഇത്തരം നിര്‍ണായക നിമിഷത്തില്‍ കുളി ഹൃദയത്തിന്‍മേല്‍ അധിക സമ്മര്‍ദ്ദമായി ഭവിക്കാം. അതിനാല്‍ അതൊഴിവാക്കുകയാണ് വേണ്ടത്.
ധ്രുതഗതിയിലുള്ള നീക്കങ്ങള്‍ എന്തുകൊണ്ടാണ് സുപ്രധാനമാകുന്നത്?
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് ശേഷമുള്ള ആദ്യ വേളകള്‍ 'സുവര്‍ണ നിമിഷങ്ങള്‍' ആയാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും നിര്‍ണായകമായ സമയം. ഈ സമയത്ത് ലഭിക്കുന്ന ചികിത്സ ഹൃദയാഘാതത്തിന്റെ ഭവിഷ്യത്ത് ഗണ്യമായി കുറയ്ക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നു.
അതുകൊണ്ട്, ഇത്തരം അതീവ ഗുരുതര സാഹചര്യത്തെ നേരിടാന്‍ ചില നുറുങ്ങു അറിവുകള്‍ മുന്‍കൂട്ടി എല്ലാവരും മനസ്സിലാക്കിയിരിക്കണം എന്ന് ജേര്‍ണല്‍ ഉപദേശിക്കുന്നു.
അത്തരം ചില നുറുങ്ങറിവുകള്‍:
ഒരുങ്ങിയിരിക്കുക:
സാദാ ഒരുങ്ങിയിരിക്കല്‍ വലിയൊരു കാര്യമാണ്. അലസമായ അവസ്ഥയെക്കാള്‍ വലിയ മാറ്റമാണ് അതിലൂടെ ലഭിക്കുക. അടിയന്തര നമ്പറുകള്‍ എളുപ്പത്തില്‍ കിട്ടാനും ഉപയോഗിക്കാവുന്നതുമായ നിലയില്‍ എല്ലായ്‌പ്പോഴും നിലനിര്‍ത്തണം. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കി, അതിനായി ഒരു സ്വകാര്യ പ്ലാന്‍ കൈവശം ഉണ്ടായിരിക്കുന്നതും നല്ലതാണ്.
ഹൃദയാഘാതം ജീവിതത്തിലെ അതിഗുരുതരമായ അടിയന്തരാവസ്ഥകളില്‍ ഒന്നാണെങ്കിലും, വേഗത്തിലുള്ളതും ബുദ്ധിപരവുമായ നീക്കങ്ങള്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കും. ഓര്‍ക്കുക, നിങ്ങള്‍ ഒറ്റയ്ക്കായിരിക്കാം - എന്നാല്‍, ശരിയായ അറിവും തയ്യാറെടുപ്പും ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരിക്കലും അശരണരാകില്ല.
വായനയിലൂടെ സ്വയം അറിവ് നേടുക:
ഹൃദയാരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ വായനയിലൂടെ അനുബന്ധ അറിവുകള്‍ നേടുന്നതില്‍ നിരന്തരം ശ്രദ്ധിക്കണം. വിറ്റാമിന്‍ കെ (രക്തം കട്ട പിടിക്കാതിരിക്കാന്‍ ആവശ്യമായ ജീവകം) ഹൃദ്രോഗ സാധ്യത മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കുമെന്നും ഒരു വര്‍ഷം അവിരാമം തുടരുന്ന വ്യായാമം ആശങ്കാജനകമായ ഹൃദയസ്തംഭനത്തെ മറികടക്കുമെന്നും കാണിക്കുന്ന പഠനങ്ങള്‍ വായിക്കുമ്പോള്‍ ലഭിക്കുന്ന പ്രത്യാശയും ഉണര്‍വും ഒന്ന് വേറെ തന്നെയാണ്.
സമീപകാല പഠനങ്ങളെക്കുറിച്ചും അറിയുക:
കൂടുതല്‍ ആരോഗ്യ വിവരങ്ങള്‍ക്ക്, ഹൃദ്രോഗവും മസ്തിഷ്‌കാഘാതവും തടയാന്‍ സഹായിക്കുന്ന പോഷകാഹാരങ്ങള്‍ സംബന്ധിച്ച സമീപകാല പഠനങ്ങളും മറ്റും നല്‍കുന്ന അറിവും ഉണ്ടായിരിക്കേണ്ടത് നല്ലതാണ്, ഹൃദ്രോഗം മൂലമുള്ള മരണ സാധ്യതയില്‍ ഇതും ഏറേ പ്രധാനമാണ്.
- അക്ബര്‍ പൊന്നാനി
Related News