കൊച്ചി; മലയാളി പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരുകൊളിത്തി ഹിറ്റ് ചിത്രങ്ങളൊരുക്കിയ പ്രശസ്ത സംവിധായകന്‍ ഷാഫി (56) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലായിരുന്ന ഷാഫി വെള്ളിയാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്. ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലെയും മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളിലെയും പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് കലൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറിസ്ഥാനില്‍ ഖബറക്കടും.
1968 ഫെബ്രുവരിയില്‍ എറണാംകുളം പുല്ലേപ്പടി കറുപ്പുനൂപ്പില്‍ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ്: എം.പി.ഹംസ, മാതാവ്: നബീസുമ്മ. ഭാര്യ: ഷാമില. മക്കള്‍: അലീമ ഷെറിന്‍, സല്‍മ ഷെറിന്‍. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാര്‍ട്ടിന്‍) സഹോദരനും പ്രശസ്ത സംവിധായകന്‍ പരോതനായ സിദ്ദീഖ് അമ്മാവനുമാണ്.
സഹോദരന്‍ റാഫിയുടെയും അമ്മാവന്‍ സിദ്ദിഖിന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായായിരുന്നു സിനിമാ ജീവിതത്തിന് തുടക്കം. 2001 ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.
Related News