കുറച്ച് കാലങ്ങളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആകാശനീല കുപ്പായമണിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തേരോട്ടത്തെ പിടിച്ചു കെട്ടാന്‍ മാത്രം കരുത്തുള്ള ടീമുകള്‍ ഇംഗ്ലീഷ് മണ്ണില്‍ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. കരുത്തും മൂര്‍ച്ചയും ഒട്ടും ചോരാത്ത അസ്ത്രങ്ങളായിരുന്നു ഗാര്‍ഡിയോളയുടെ ആവനാഴിയില്‍ എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. എന്നാല്‍ ആ അസ്ത്രങ്ങളുടെ, പ്രത്യേകിച്ച് പ്രതിരോധനിരയുടെ കരുത്തും മൂര്‍ച്ചയും കുറഞ്ഞു വരുന്നത് ഗാര്‍ഡിയോളയും സിറ്റി മാനേജ്‌മെന്റും നല്ലതുപോലെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിറ്റിയുടെ പ്രതിരോധ നിരയിലുള്ളവര്‍ ചില്ലറക്കാരൊന്നുമല്ല. പോര്‍ച്ചുഗലിന്റെ റൂബന്‍ ഡയസ്, ഇംഗ്ലീഷ് താരം ജോണ്‍ സ്റ്റോണ്‍സ്, സ്വിസ് താരം മാനുവല്‍ അകാന്‍ജി. ഡച്ച് നിരയിലെ കരുത്തന്‍ നഥാന്‍ അകെ തുടങ്ങിയ കരുത്തരാണ്. ഈ താരങ്ങളൊക്കെ സിറ്റിയുടെയും അതാത് ദേശീയ ടീമുകളുടെയും അഭിവാജ്യ ഘടകങ്ങള്‍ ആണെന്ന് സമ്മതിക്കാതെ തരമില്ല. ഇവരുടെ കരുത്തും പോരാട്ടവീര്യവും ഉപയോഗപ്പെടുത്തി തന്നെയാണ് ഗാര്‍ഡിയോള 6 തവണ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയത്.
എന്നാല്‍ ഇവരുടെയൊക്കെ പ്രായം മുപ്പതിലേക്ക് അടുക്കുന്നതും പരിക്കുകളും മാഞ്ചസ്റ്റര്‍ സിറ്റിയെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതിനൊരു പരിഹാരമെന്നോണം കരുത്തരായ യുവതാരങ്ങളെ സിറ്റിയുടെ പാളയത്തിലെത്തിച്ച് പ്രതിരോധനിര ഉടച്ച് വാര്‍ക്കാന്‍ ഒരുങ്ങുകയാണ് ഗാര്‍ഡിയോള. അങ്ങനെയാണ് ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കന്റ് പട്ടണത്തില്‍ നിന്നും അബ്ദുല്‍ കോദിര്‍ ഖുസനോവ് എന്ന ഇരുപതുകാരന്‍ പയ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാഗമാകുന്നത്. ഖുസനോവിന്റെ പിതാവ് ഹിക്മത്ത് ഖോഷിമോവ് ഉസ്‌ബെക്കിസ്ഥാന്‍ ദേശീയ ടീമിന്റെയും താഷ്‌കന്റിലെ പ്രമുഖ ക്ലബ്ബായ ബുന്യോദ്‌കോര്‍ എഫ് സിയുടെയും മുന്‍ താരമായിരുന്നു. കാല്‍പന്തുകളിക്ക് അത്ര മേല്‍വിലാസമില്ലാത്ത മധ്യേഷ്യയില്‍ നിന്നുള്ള ഹിക്മത്ത് ഖോഷിമോവിന്റെ നാമം ഫുട്‌ബോള്‍ ലോകത്ത് അത്ര സുപരിചിതമായിരുന്നില്ല. രാജ്യത്തിനും ക്ലബ്ബിനും മനോഹരമായി കളിച്ചിട്ടും ആളുകള്‍ തന്റെ പേര് ഓര്‍ക്കാത്തത് ഹിക്മത്തിനെ ഏറെ വിഷമിപ്പിച്ചു.
2004 ഫെബ്രുവരിയില്‍ മകന്‍ അബ്ദുല്‍ കോദിര്‍ ഖുസനോവ് പിറന്നതോടെ തന്റെ മകനെ ലോകമറിയുന്ന ഫുട്‌ബോള്‍ കളിക്കാരനാക്കാന്‍ ഹിക്മത്ത് ഖോഷിമോവ് ആഗ്രഹിച്ചു. അതിനായി ചെറുപ്പം തൊട്ടേ അയാള്‍ തന്റെ മകനെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. 2011ല്‍ ആറാം വയസ്സില്‍ പിതാവ് കളിച്ച ബുന്യോദ്‌കോറിന്റെ ജൂനിയര്‍ ടീമില്‍ തന്നെ ഖുസനോവിന് അവസരം ലഭിച്ചു. ബുന്യോദ്‌കോര്‍ മാനേജ്‌മെന്റിനെയും പരിശീലകരെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ആ കൊച്ചു പയ്യന്‍ നടത്തിയത്. ഒരു പ്രതിരോധ താരത്തിന് വേണ്ട കായിക ക്ഷമതയും വേഗതയും എല്ലാവരെയും അമ്പരപ്പിച്ചു. തന്റെ മകന്റെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ പിതാവായ തന്റെ സ്വാധീനമുണ്ടെന്ന് ആരും കരുതുന്നത് ഹിക്മത്ത് ഖോഷിമോവ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്റെ പേരോ കുടുംബത്തിന്റെ പേരോ മകന് നല്‍കാതെ പിതാവ് ഖുസനോവിനെ സ്വതന്ത്രനാക്കി വിട്ടു. സോവിയറ്റ് കാലത്ത് താഷ്‌കന്റില്‍ ജീവിച്ച തന്റെ മുത്തച്ഛന്റെ പേരാണ് ഹിക്മത്ത് മകന് നല്‍കിയത്. മകന്റെ കഠിനാധ്വാനത്തിന് ഹിക്മത്ത് വലിയ മൂല്യം കല്‍പ്പിച്ചിരുന്നു.
താഷ്‌കന്റ് മനോഹരമായ നഗരമാണ്. സ്‌നേഹമുള്ള മനുഷ്യരും. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പില്‍ നിന്ന് അഭയാര്‍ത്ഥികളായി പലായനം ചെയ്ത എല്ലാ വിഭാഗം മനുഷ്യരെയും സ്‌നേഹത്തോടെ സ്വീകരിച്ച നഗരം. 2022-ല്‍ ആ നഗരത്തില്‍ നിന്ന്, ബുന്യോദ്‌കോറിലൂടെ മികച്ച സെന്റര്‍ബാക്ക് ആയി വളര്‍ന്ന ഖുസനോവ് ബെലാറസ് ക്ലബ്ബായ എനര്‍ജറ്റിക്ക് ബി ഡി യുവില്‍ ചേര്‍ന്നു. മിന്‍സ്‌ക് ആസ്ഥാനമായുള്ള എനര്‍ജറ്റിക്കിന് വേണ്ടി ഖുസനോവ് 34 മത്സരങ്ങളില്‍ പ്രതിരോധം തീര്‍ത്തു. 2023-ല്‍ അണ്ടര്‍ 20 ഏഷ്യന്‍ കപ്പ് നേടിയ ഉസ്‌ബെക്കിസ്ഥാന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഖുസനോവ്. ആ ടൂര്‍ണമെന്റില്‍ ആകെ ഒരു ഗോള്‍ മാത്രമാണ് ഉസ്‌ബെക്കിസ്ഥാന്‍ വഴങ്ങിയത്. ഖുസനോവ് നേതൃത്വം കൊടുത്ത പ്രതിരോധനിര ഒരിക്കലും ആടിയുലഞ്ഞില്ല. അതിന് ശേഷം അര്‍ജന്റീനയില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പിലും ഖുസനോവ് മികച്ച പ്രകടനം പുറത്തെടുത്തു. അതോടെ ആ യുവ കളിക്കാരനെ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ ശ്രദ്ധിച്ചു തുടങ്ങി.
വൈകാതെ പതിനെട്ടാം വയസ്സില്‍ വെറും ഒരു ലക്ഷം യൂറോക്ക് ഖുസനോവ് എനര്‍ജറ്റിക്കില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബായ ലെന്‍സില്‍ ചേര്‍ന്നു. അത് പിതാവായ ഹിക്മത്തിനെ ഏറെ സന്തോഷിപ്പിച്ചു. ആദ്യ സീസണില്‍ വെറും പതിനൊന്നു മത്സരങ്ങളിലാണ് ഖുസനോവ് ലെന്‍സിനായി കളത്തിലിറങ്ങിയത്. പക്ഷേ കഥ മാറിയത് പെട്ടെന്നാണ്. ലെന്‍സിന്റെ വിശ്വസ്തനായ ഓസ്ട്രിയന്‍ പ്രതിരോധ താരം കെവിന്‍ ഡാന്‍സോ ഇറ്റാലിയന്‍ ക്ലബ്ബായ റോമയിലേക്ക് കൂടുമാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ കെവിന്‍ പരാജയപ്പെട്ടതോടെ റോമ തങ്ങളുടെ കരാര്‍ പിന്‍വലിച്ചു. കെവിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിഞ്ഞതോടെ ലെന്‍സിലും താരത്തിന് അവസരങ്ങള്‍ കുറഞ്ഞു. അതോടെ ക്ലബ്ബ് പ്രതിരോധത്തിന്റെ നേതൃത്വം ഖുസനോവിനെ ഏല്‍പ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ കെവിന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയെങ്കിലും ഖുസനോവ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട് ഖുസനോവിനൊപ്പം കെവിനും ലെന്‍സിന്റെ പ്രതിരോധനിരയില്‍ തിളങ്ങിയതോടെ, അവര്‍ക്കെതിരെ ഗോള്‍ നേടുന്നത് മറ്റു ടീമുകള്‍ക്ക് വെല്ലുവിളിയായി മാറി. അസാമാന്യമായ ശാരീരികക്ഷമതയും വേഗതയും കൈമുതലായുള്ള ഖുസനോവിനെ'ടാങ്ക്,താഷ്‌കന്റ് തീവണ്ടി' എന്നൊക്കെയാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
അത്തരമൊരു താരത്തിന് 40 മില്യന്‍ യൂറോ മുടക്കിയത് സിറ്റിക്ക് വെറുതെയാവില്ല. ഈ സീസണിലാകെ പതറുന്ന ഗാര്‍ഡിയോളയുടെ സംഘത്തിലേക്കുള്ള ഖുസനോവിന്റെ വരവ് ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഫുട്‌ബോളില്‍ അത്ര വലിയ മേല്‍വിലാസമില്ലാത്ത ഉസ്ബക്കിസ്ഥാനില്‍ നിന്ന് ഒരു താരം ഇംഗ്ലീഷ് മണ്ണിലേക്ക് വരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇനി പല ഇതിഹാസങ്ങളും പന്ത് തട്ടിയ മണ്ണില്‍ ആ ഇരുപതുകാരന്റെ പോരാട്ടവീര്യം കാണാന്‍ കാത്തിരിക്കുകയാണ് ഉസ്‌ബെക്ക് ജനതയും ഫുട്‌ബോള്‍ ആരാധകരും.
-മുനീര്‍ വാളക്കുട
Related News