ജിദ്ദ: ജിദ്ദ കെഎംസിസി കായിക വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരം ജിദ്ദയിലെ കായിക പ്രേമികളെ ആവേശക്കൊടുമുടി കയറ്റി. ആയിരങ്ങള്‍ പങ്കെടുത്ത വടംവലിമേള പ്രവാസലോകത്തെ ഏറ്റവും വലിയ വടംവലി ടൂര്‍ണമെന്റായി. ജിദ്ദ ഖാലിദ് ബിന്‍ വലീദിലെ അല്‍ റസൂഖ് സ്റ്റേഡിയത്തിലേക്ക് ഒഴികെയെത്തിയത് കുട്ടികളും വനിതകളും അടക്കം അയ്യായിരത്തിലധികംപേരായിരുന്നു. കാണികള്‍ക്ക് ആവേശംപകര്‍ന്നുകൊണ്ട് വീറും വാശിയുംനിറഞ്ഞ പോരാട്ടങ്ങള്‍. വടംവലി മേഖലയിലെ കരുത്തരായ പന്തിനഞ്ചു ടീമുകള്‍ പങ്കെടുത്തു. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശമായിരുന്നു ഓരോ മത്സരങ്ങള്‍ക്കും. ആദ്യഘട്ടം ഗ്രൂപ്പ്തല മത്സരങ്ങള്‍, കോര്‍ട്ടര്‍, സെമിഫൈനല്‍, ലൂസേഴ്സ് ഫൈനല്‍ അവസാനം ഫൈനല്‍.
ഒടുവില്‍ പ്രവാസലോകത്തെ വടംവലി രാജാക്കാന്മാരായ റെഡ് മാക്സ് ജിദ്ദ കപ്പില്‍ മുത്തമിട്ടു. മിഡിലീസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍നിന്നുമെത്തിയ വടംവലി താരങ്ങളാണ് ഓരോ മത്സരങ്ങളിലും അണിനിരന്നത്. പി എം വൈ കെ മുണ്ടുപറമ്പിനു വേണ്ടി രംഗത്തിറങ്ങിയ കനിവ് റിയാദ് രണ്ടാം സ്ഥാനം സ്വന്തമാക്കി. പ്രവാസലോകത്തെ മികച്ച വടംവലി വീരന്മാരെ രംഗത്തിറക്കിയ നിലമ്പൂര്‍ മണ്ഡലം കെഎംസിസി മൂന്നാം സ്ഥാനവും യുഎയില്‍ നിന്ന് ജിദ്ദയിലെത്തിയ സ്റ്റാര്‍ അല്‍ ഐന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.
വടംവേലിമേളക്ക് മുന്നോടിയായി വിവിധ കലാപ്രകടനങ്ങള്‍ നടന്നു. ജിദ്ദ കെഎംസിസി വനിതാ വിങ്ങിലെ അംഗങ്ങളുടെ മക്കള്‍ അവതരിപ്പിച്ച ചീര്‍സ് ഡാന്‍സ്, കണ്ണൂര്‍ ജില്ലാ കെഎംസിസി യുടെ ഹരിത കലാ വേദി ഗ്രീന്‍സ് മുട്ടിപ്പാട്ട്, സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന-അറേബ്യന്‍ നൃത്തം എന്നിവ മേളക്ക് കൊഴുപ്പേകി. കുട്ടികളും വളണ്ടിയര്‍മാരും അണിനിരന്ന മാര്‍ച്ചു പാസ്റ്റും നടന്നു.
കളിനിയന്ത്രിക്കാന്‍ നാട്ടില്‍നിന്നെത്തിയ അഖില കേരള വടംവലി അസോസിയേഷന്‍ ചെയര്‍മാന്‍ ആവാസ് നടത്തിയ കമന്ററി മേളയില്‍ ആവേശമുയര്‍ത്തി. ഒന്നാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാല്‍, രണ്ടാം സ്ഥാനക്കാര്‍ക്ക് ആറായിരം, മൂന്നാം സ്ഥാനം നാലായിരം, നാലാം സ്ഥാനം രണ്ടായിരം എന്നിങ്ങനെയാണ് പ്രൈസ്മണി നല്‍കിയത്. അന്താരാഷ്ട്ര വടംവലി നിലവാരത്തിലുള്ള വടംവലികോര്‍ട്ട്, സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടം എന്നിവ ടൂര്‍ണമെന്റിന്റെ ആധികാരികത വിളിച്ചോതി.
സൗദി കെഎംസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ മേള ഉദ്ഘാടനവും ചെയ്തു. സി കെ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട്, വിപി മുസ്തഫ, ഇസ്മായില്‍ മുണ്ടക്കുളം, നിസാം മമ്പാട്, നാസര്‍ വെളിയംകോട്, മുജീബ് പോക്കോട്ടൂര്‍, സി കെ ശാക്കിര്‍, അന്‍വര്‍ ചേരങ്കൈ, ഷിബു തിരുവനന്തപുരം, ഹകീം പാറക്കല്‍, സയീദ് സലേഹ് അല്‍ സൈറി, അബ്ദുറഹിമാന്‍ ഒതൈബി, ഹമീദ് ഉബൈദ് അല്‍ ഹര്‍സി, സജീര്‍ മാക് ട്രേഡിങ്, ജയ് വിജയ് മസാല, അര്‍ഷാദ് വഫ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ ജിദ്ദയിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.
ഷൗക്കത്ത് ഞാറക്കോടന്‍, സുബൈര്‍ വട്ടോളി, ലത്തീഫ് വെള്ളമുണ്ട, നാസര്‍ മച്ചിങ്ങല്‍, അഷ്റഫ് താഴേക്കോട്, സിറാജ് കണ്ണവം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, സാബില്‍ മമ്പാട്, ജലാല്‍ തേഞ്ഞിപ്പലം, എ കെ ബാവ, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തിരി, സക്കീര്‍ നാലകത്ത്, ഫത്താഹ് താനൂര്‍, സകരിയ്യ ആറളം തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
Related News