കോഴിക്കോട്: തുടര്‍ച്ചയായ രണ്ട് എവേ മത്സരത്തിലെ ജയങ്ങള്‍ക്ക് ശേഷം ഗോകുലം കേരള എഫ് സി ജയം തേടി സ്വന്തം തട്ടകത്തില്‍ ഇന്ന് കളത്തിലിറങ്ങുന്നു. പഞ്ചാബില്‍നിന്നുള്ള നാംധാരി എഫ്.സിയെയാണ് മലബാറിയന്‍സ് നേരിടുന്നത്. അവസാന മത്സരത്തില്‍ ഗോവയില്‍നിന്നുള്ള ഡെംപോ എസ് സിയെ തോല്‍പ്പിച്ചതിന്റെ ആത്മിവിശ്വാസം മലബാറിയന്‍സിന് ചെറുതല്ലാത്ത ആശ്വാസം പകരുന്നുണ്ട്. മുന്നേറ്റത്തിലുണ്ടായിരുന്ന ഗോള്‍ വരള്‍ച്ചക്ക് പരിഹാരം കണ്ടതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. അവസാനമായി നടന്ന രണ്ട് എവേ മത്സരത്തില്‍നിന്ന് ആറു ഗോളുകളാണ് ഗോകുലം നേടിയത്. ഒരു ഗോള്‍ പോലും വഴങ്ങുകയും ചെയ്തിട്ടില്ല.
നിലവില്‍ നാംധാരി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങള്‍ കളിച്ച ഗോകുലം പട്ടികയില്‍ നാലാം സ്ഥാനത്തുമുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ 16 പോയിന്റുമായി പട്ടികയില്‍ രണ്ടാമതെത്താനും ടീമിന് കഴിയും. അവസാന മത്സരത്തില്‍ മലബാറിയന്‍സിനായി കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കളിക്കുക. '' അവസാന രണ്ട് മത്സരത്തിലെ ജയം ടീമിന് ചെറുതല്ലാത്ത ആത്മിവശ്വാസം നല്‍കിയിട്ടുണ്ട്. താരങ്ങളെല്ലാം പരസ്പരം കണ്ക്ടഡ് ആയി എന്നത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്തായി കാണുന്നത്. മുഖ്യ പരിശീലകന്‍ അന്റോണിയ റുവേഡ വ്യക്തമാക്കി.
നിലവില്‍ ടീമില്‍ പരുക്കും മറ്റു കാര്യങ്ങളും ഇല്ലാത്തതിനാല്‍ ആദ്യ ഇലവനെ കളത്തിലിറക്കുന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, ഹോം ഗ്രൗണ്ട് അഡ്വാന്റ്റേജ് മുതലാക്കി മൂന്ന് പോയിന്റ് നേടുക എന്നതാണ് ഇന്നത്തെ പ്രധാന ലക്ഷ്യം, അവസാന രണ്ട് മത്സരത്തില്‍ ഗോള്‍ വഴങ്ങാതെയാണ് ടീം ആറു ഗോളുകള്‍ അടിച്ചുകൂട്ടിയത്. ഇത് പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും ടീമിന്റെ കരുത്തിനെയാണ് തെളിയിക്കുന്നത്'' പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. രാത്രി ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണ്.
Related News