കൊച്ചി; കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവ്വീസിന് നാളെ (വ്യാഴം) തുടക്കമാവും. കൊച്ചി മെട്രോയെ നഗരത്തിന്റെ വിവധ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് സർവീസ്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കളമശേരി ബസ്സ്റ്റാൻഡിൽ മന്ത്രി പി രാജീവ് ഫ്‌ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള സർവീസുകളിൽ ഏറ്റവും പ്രധാനം നെടുമ്പാശ്ശേരി വിമാനത്താവളവും ആലുവ മെട്രോ സ്‌റ്റേഷനും ബന്ധിപ്പിച്ചുള്ളതാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും തിരിച്ചുമുള്ളവർക്കും ഈ സർവീസ് ഏറെ ഗുണകരമാവും.
വ്യാഴാഴ്ച രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവ്വീസ് ലഭ്യമാവും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും. ഇലക്ടിക് ബസിന്റെ ചാർജിംഗ്, ഓപ്പറേഷണൽ ഷെഡ്യൂളിംഗ് സാങ്കേതിക സഹായം എന്നിവ ജിഐസി ആണ് നൽകുന്നത്. ടിക്കറ്റിംഗ് സൊലൂഷൻ സേവനം ആക്‌സിസ് ബാങ്ക്, ഗ്രാൻഡ് ലേഡി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നൽകുന്നു.
ആലൂവ-ഇന്റർനാഷണൽ എയർപോർട്ട്, കളമശേരി-മെഡിക്കൽ കോളേജ്, ഹൈക്കോർട്ട്- എംജി റോഡ് സർക്കുലർ, കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തിൽ ഇലക്ട്രിക് ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്. ആലുവ-എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂർണമായും എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈൽ-ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകൾ വാങ്ങി കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നത്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളും ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസും കളക്ട്രേറ്റ് റൂട്ടിൽ രണ്ട് ബസുകളും ഹൈക്കോർട്ട് റൂട്ടിൽ മൂന്നു ബസുകളും കടവന്ത്ര റൂട്ടിൽ ഒരു ബസുമാണ് സർവ്വീസ് നടത്തുന്നത്
എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റും ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകും. രാവിലെ 6.45 മുതൽ സർവ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയർപോർട്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവ്വീസ്.
കളമശേരി-മെഡിക്കൽ കോളേജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവ്വീസ്. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് സർവ്വീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടിൽ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതൽ വൈകിട്ട് 7.30 വരെ സർവ്വീസ് ഉണ്ടാകും. ഹൈക്കോർട്ട്-എംജിറോഡ് സർക്കുലർ റൂട്ടിൽ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയു കടവന്ത്ര കെ.പി വള്ളോൻ റോഡ് - പനമ്പിള്ളി നഗർ റൂട്ടിൽ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതൽ വൈകിട്ട് എഴ് മണിവരെയും സർവ്വീസ് ഉണ്ടാകും.
ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകൾ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മൊബെൽ ഫോൺ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട് ലഭ്യമാണ്. മുട്ടം, കലൂർ, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ. ഡിജിറ്റൽ പേയ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാൻസാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം.
Related News