ബംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളക്ക് രണ്ടാം സമനില. ഇന്ന് ബംഗളൂരുവില്‍ നടന്ന കിക്സ്റ്റാര്‍ട്ട് എഫ്.സിക്കെതിരേയുള്ള എവേ മത്സരമാണ് സമനിലയില്‍ കലാശിച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്.
കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ കിക്സ്റ്റാര്‍ട്ട് ഗോള്‍ നേടിയിരുന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തിന്ന് വന്ന സെറ്റ് പീസിനെ ഗോകുലം പ്രതിരോധ നിര കടന്നെത്തിയ സഞ്ജു വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോള്‍ വഴങ്ങിയതോടെ പ്രതിരോധം കടുപ്പിച്ച ഗോകുലം പിന്നീട് കിക്സ്റ്റാര്‍ട്ടിന്റെ മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിച്ചു. ഗോളിലേക്കായി കിക്സ്റ്റാര്‍ നിരന്തരം ആക്രമം കടുപ്പിച്ചെങ്കിലും പതറാതിരുന്ന ഗോകുലം കൗണ്ടര്‍ അറ്റാക്കിലൂടെ എതിര്‍ ഗോള്‍മുഖത്തും പന്ത് എത്തിച്ചുകൊണ്ടിരുന്നു. 20ാം മിനുട്ടിന് ശേഷം കിക്സ്റ്റാര്‍ട്ട് നിരന്തരം ഗോകുലത്തിന് ഭീതി സ്ൃഷ്ടിച്ചെങ്കിലും ഗോകുലം പ്രതിരോധനിര പതറിയില്ല. ഗോള്‍ മടക്കാനായി പൊരുതിയ ഗോകുലം അധികം വൈകാതെ ഗോള്‍ മടക്കി. 36ാം മിനുട്ടില്‍ മൈതാന മധ്യത്തില്‍നിന്ന് ലഭിച്ച പന്ത് മുന്നേറ്റതാരം ഫസീല കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ പകുതിയില്‍തന്നെ ഗോകുലം സമനില പിടിച്ചു.
രണ്ടാം പകുതിയില്‍ മലബാറിയന്‍സ് മികവ് കാട്ടിയെങ്കിലും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ജനുവരി 20ന് വെസ്റ്റ് ബംഗാളില്‍നിന്നുള്ള ശ്രീഭൂമിക്കെതിരേയുള്ള എവേ മത്സരത്തിലാണ് ഗോകുലം വനിതകള്‍ അടുത്ത മത്സരത്തിനിറങ്ങുക.
Related News