തിരുവനന്തപുരം: ഭൂമിയിലെ ഏറ്റവും മധുരമുള്ള കവിത എന്ന ബൃന്ദയുടെ 2064 പേജുകളുള്ള പ്രണയ കവിത ഒരു മഹാ അത്ഭുതമാണെന്ന് ഡോ.സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രണയത്തെക്കുറിച്ച് എഴുതാത്ത കവികളില്ല. ഷെല്ലി, കീറ്റ്‌സ്, ബൈറന്‍ മാത്രമല്ല ഷേക്‌സ്പിയര്‍ പോലും പ്രണയത്തെക്കുറിച്ച് ധാരാളം ഗീതകങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രണയം ഒരു വലിയ വികാരമാണ്. എല്ലാം അതിലധിഷ്ഠിതമാണ്. ടി.എസ്.എലിയറ്റ് പറയുന്നതു പോലെ കവിത വലിയൊരു ഒഴുക്കാണ്. അതിന്റെ തീരത്തിരുന്ന് ആരെങ്കിലും ഒരു രചന നടത്തിയാല്‍ ഒരു തുള്ളി അതില്‍ അടര്‍ന്നു വീഴുന്നു. കബീര്‍ ദാസ് പറയുന്നു ആ ഒരു തുള്ളി സമുദ്രത്തില്‍ പതിക്കുമ്പോള്‍ അത് സമുദ്രത്തില്‍ ലയിക്കുന്നു, സമുദ്രം തുള്ളിയിലും ലയിക്കുന്നു. അത്ര വിശാലമായ ഒന്നാണ് കവിത. അത് ഏവരെയും തുല്യമാക്കുന്ന സമുദ്രമാണ്, സംസ്‌കാരമാണ്. ബൃന്ദയുടെ ഈ കാവ്യം പ്രണയത്തിന്റെ അനന്ത സാഗരമാണ്. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസില്‍ നിന്നും ആദ്യ പ്രതി മുന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്‍ ഏറ്റുവാങ്ങി. \
ബി.എസ്.എസ്. ചെയര്‍മാന്‍ ഡോ.ബി.എസ്.ബാലചന്ദ്രന്‍, ഗൗതം കൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഥ, കവിത, നോവല്‍, ബാലസാഹിത്യം, മിനിക്കഥ, ജീവചരിത്രം , പുരാണം, ലേഖനം, ദീര്‍ഘ കവിതകള്‍, പുനരാഖ്യാനങ്ങള്‍, ആത്മവിവരണങ്ങള്‍, പ്രണയ പുസ്തകങ്ങള്‍ തുടങ്ങിയവലായി 70 പുസ്തകങ്ങള്‍ ബൃന്ദ രചിച്ചിട്ടുണ്ട്. നിരവധി റെക്കോര്‍ഡുകളും അംഗീകാരങ്ങളും നേടിയ ബൃന്ദ ഈയിടെ 36 പുസ്തങ്ങള്‍ ഒരുമിച്ച് പ്രകാശനം ചെയ്തിരുന്നു.
ഫോട്ടോ: ബൃന്ദയുടെ ഭൂമിയിലെ ഏറ്റവും മധുരമുള്ള കവിത എന്ന ബൃഹദ് കാവ്യത്തിന്റെ പ്രകാശനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് നിര്‍വ്വഹിക്കുന്നു. ഡോ.എം.ആര്‍. തമ്പാന്‍ പുസ്തകം ഏറ്റുവാങ്ങി. ബൃന്ദ , ഡോ.ബി.എസ്.ബാലചന്ദ്രന്‍, ഗൗതം കൃഷ്ണ എന്നിവര്‍ സമീപം
Related News