പാനാജി: ഐ ലീഗില്‍ ജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി നാളെ (14.1.2025) ഡെംപോക്കെതിരേ കളത്തിലിറങ്ങും. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിക്കെതിരേ നടന്ന എവേ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയന്‍സ് നാളെ കളത്തിലിറങ്ങുന്നത്. ഗോള്‍ വരള്‍ച്ചക്ക് ശേഷമായിരുന്നു ദല്‍ഹിക്കെതിരേ ഗോകുലം മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ജയിച്ചതോടെ പട്ടികയില്‍ നേട്ടമുണ്ടാക്കാനും ഗോകുലം കേരളക്ക് കഴിഞ്ഞിരുന്നു.
മുന്‍ മത്സരത്തില്‍ മുന്നേറ്റനിരയില്‍ ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി മുതലാക്കിയതായിരുന്നു ഗോകുലത്തിന് കരുത്തായത്. ടീമിലെത്തിയ പുതുമുഖ താരം സിനിസ സ്റ്റാനിസാവിച്ചിന്റെ സാന്നിധ്യം ടീമിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഇന്നത്തെ എവേ മത്സരത്തിലും ജയിച്ച് മൂന്ന് പോയിന്റ് പെട്ടിയിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗോകുലം താരങ്ങള്‍ പോര്‍ക്കളത്തിലിറങ്ങുന്നത്. '' അവസാന മത്സരത്തിലെ വിജയം ടീമിന് മികച്ച ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ടീമിന് ഇതുവരെ ഉണ്ടായിരുന്ന ഗോള്‍ക്ഷാമം മാറിയതോടെ ടീം മാനസികമായും കായികമായും ശക്തി ആര്‍ജിച്ചെടുത്തിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലും അത് പുറത്തെടുക്കാന്‍ കഴിയും, മുഖ്യ പരിശീലകന്‍ അന്റോണിയോ റുവേഡ വ്യക്തമാക്കി. ഇനിയുള്ള മത്സരത്തില്‍ ജയിച്ച് കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഗോകുലം പ്രവേശിച്ച് കഴിഞ്ഞു. ഫൈനല്‍ തേഡിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ആയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കളത്തില്‍ കാണാനാകും, പരിശീകന്‍ കൂട്ടിച്ചേര്‍ത്തു.
സീസണില്‍ ഏഴു മത്സരം പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയം, നാലു സമനില, ഒരു തോല്‍വി എന്നിവ ഉള്‍പ്പെടെ നേടിയ ഗോകുലം പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇന്ന് ജയിക്കുകയാണെങ്കില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറാനും ഗോകുലത്തിന് കഴിയും. ഏഴ് മത്സരത്തില്‍നിന്ന് മൂന്ന് ജയം, ഒരു സമനില, മൂന്ന് തോല്‍വി എന്നിവ നേടി ഡംപോ പട്ടികയില്‍ ഏഴാം സ്ഥാനത്തുമുണ്ട്. അവസാന മത്സരത്തില്‍ ഇന്റര്‍ കാശിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടാണ് ഡംപോ എത്തുന്നത്. അതിനാല്‍ സ്വന്തം മൈതാനത്ത് ജയത്തിനായി പൊരുതുമ്പോള്‍ ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം. ഇന്ന് ഉച്ചക്ക് ശേഷം 3.30നാണ് മത്സരം.
Related News