വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെതായി പ്രചരിക്കപ്പെട്ട ഫോട്ടോയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട മുസലിയാര്‍ കിങ് എന്ന പുസ്തകത്തെയും അതിന്റെ ഗ്രന്ഥകര്‍ത്താവ് ഡോ അബ്ബാസ് പനക്കലിനെയും പ്രശംസിക്കുന്ന മൗറീഷ്യസിന്റെ ആദ്യ വനിത പ്രസിഡന്റന്റായ പ്രൊഫസ്സര്‍ അമീന ഫിര്‍ദൗസ് ഫക്കീമിന്റെ വീഡിയോ പുറത്തുവന്നു. ബ്ലൂംസ്ബറി നാലു പ്രധാന ഭൂഖണ്ഡങ്ങളില്‍ നിന്നായി പ്രസിദ്ധീകരിച്ച പുസ്തകത്തിനെ വിലയിരുത്തി അതിന്റെ പ്രാധാന്യം വായനാ ലോകത്തിനു അവതരിപ്പിക്കുകയാണ് പ്രൊഫസര്‍ അമീന ഫക്കീം.
കുഞ്ഞഹമ്മദ് ഹാജിയുടേതായി പ്രചരിപ്പിച്ച ഫോട്ടോയെ അദ്ദേഹത്തിന്റെതല്ല എന്ന് വാദമുന്നയിച്ചതിനാന്‍ ഡോ അബ്ബാസ് പനക്കല്‍ വലിയ സോഷ്യല്‍ മീഡിയ അറ്റാക്ക് നേരിട്ടിരുന്നു. കേരളത്തില്‍ പുസ്തകത്തെക്കുറിച്ചും അതില്‍ പറയുന്ന ഫോട്ടോയെ കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ അന്താരാഷ്രതലത്തില്‍ പ്രശസ്തയായ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന ഒരു അക്കാദമികിന്റെ പുസ്തകത്തെ കുറിച്ചുള്ള വീഡിയോ ഏറെ ശ്രദ്ധേയമാണ്.
ഡോ അബ്ബാസ് പനക്കലിന് അഭിനന്ദനങ്ങള്‍ പറഞ്ഞുകൊണ്ടാണ് അവരുടെ സന്ദേശം ആരംഭിക്കുന്നത്. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ അബ്ബാസിന്റെ പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്. ചരിത്രപരമായ വസ്തുതകളെ പ്രാദേശിക വീക്ഷണകോണില്‍ നിന്നു അദ്ദേഹം വിലയിരുത്തുന്നു.
ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, സിംഹംങ്ങള്‍ക്ക് മാത്രമല്ല, അവയുടെ ഇരകളായ മാനുകള്‍ക്കും അവരുടെ ചരിത്രമുണ്ട്. അത് സിംഹത്തിന്റെ ഭാഗത്തു നിന്നല്ല ലോകം കേള്‍ക്കേണ്ടത്. തീര്‍ച്ചയായും ഇരകളുടെ ചരിത്രം അവരുടെ തന്നെ വീക്ഷണത്തിലാണ് ലോകം അറിയേണ്ടത്. ഒരു സമൂഹത്തിന്റെ ചരിത്രം സ്വന്തം ഭാഗത്തു നിന്ന് തന്നെ എഴുതപെടുമ്പോള്‍ അത് വ്യത്യസ്തമായിരിക്കും.
മലബാറിലെ കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട അപകോളോണിയല്‍ ചരിത്രരചനയുടെ കര്‍ശനമായ പരിശോധനയാണ് ഡോ. പനക്കല്‍ ഏറ്റെടുത്തിരിക്കുന്നത്. പതിനാറാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള വൈവിധ്യമാര്‍ന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്ത് നിന്നുള്ള സ്വദേശിയുടെ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടന്നത്.
1921-ല്‍ കൊളോണിയല്‍ ആധിപത്യത്തിനെതിരായി ശക്തമായ ഒരു കാമ്പെയിന്‍ സംഘടിപ്പിച്ച അലി മുസലിയാരെ ഒരു വിമത രാജാവും മുഖ്യ ഗൂഢാലോചനക്കാരനുമായി ചിത്രീകരിക്കാന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം നല്‍കിയ നാമകരണമാണ് 'മുസലിയാര്‍ കിംങ്'. 1921-22 കാലഘട്ടത്തില്‍ ജില്ലാ കലക്ടര്‍ തോമസും പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കും ചേര്‍ന്ന് നടത്തിയ ഒരു കണക്കുകൂട്ടല്‍ തന്ത്രമാണ് ഈ പ്രശ്ങ്ങള്‍ക്കു പിന്നിലെന്ന് ഡോ. അബ്ബാസ് പനക്കലിന്റെ ഈ അന്വേഷണം വെളിപ്പെടുത്തുന്നു.
ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ വിന്യസിക്കപ്പെട്ട ഈ തന്ത്രം, കൊളോണിയല്‍ ശക്തികളുടെ കുറ്റകരമായ പ്രവര്‍ത്തനങ്ങളെ മറച്ചുവച്ചു, ഇത് നിരവധി നാട്ടുകാരുടെ ജീവത്യാഗത്തിന് കാരണമായി. 1862-ല്‍ ഇന്ത്യവിട്ട് തൊഴിലാളികളായി മൗറീഷ്യസിലേക്ക് വരുമ്പോള്‍ തന്റെ പൂര്‍വ്വികര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് മലബാറിലെ സംഭവങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. മണ്ണ് കുഴിച്ചാല്‍ സ്വര്‍ണം കിട്ടുമെന്ന വിശ്വസിപ്പിച്ച് അവരെ മയക്കി! എന്നാല്‍ അന്ന് സംഭവിച്ചത് മറ്റൊന്നായിരുന്നു.
പ്രാദേശിക കൈയെഴുത്തു പ്രതികളുടെ പര്യവേക്ഷണത്തില്‍ കൂടി നടത്തിയ ഈ പഠനം ഹിന്ദു മുസ്ലിം സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഉദാഹരണങ്ങള്‍ പ്രകാശിപ്പിക്കുന്നു. 1968-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ മൗറീഷ്യസിലും ഈ ഐക്യദാര്‍ഢ്യം നമ്മുടെ സമൂഹത്തിന്റെ അടിത്തറയായിരുന്നു.
താന്‍ ആരാണെന്നതില്‍ ഒരാള്‍ അഭിമാനിക്കുമ്പോള്‍... ഒരു ജനതയെന്ന നിലയിലും ഒരു രാഷ്ട്രമെന്ന നിലയിലും ഒരാള്‍ക്ക് ഒരുപാട് നേടാന്‍ കഴിയും ഒപ്പം സമൂഹത്തിനും നാടിനും കോണ്‍ട്രിബ്യുട്ടു ചെയ്യാനും സാധിക്കും. ഡോ. അബാസ് പനക്കല്‍ രചിച്ച ഈ ഗ്രന്ഥം ഒരു നാടിന്റെ ചരിത്രത്തെ പ്രാദേശിക വീക്ഷണത്തില്‍ പുനരാഖ്യാനം ചെയ്യുന്നത്തിനുള്ള ഒരു വിശാലമായ ശ്രമമാണ് എന്ന് പ്രൊഫസര്‍ അമീന ഗരീബ് ഫാക്കീം വിലയിരുത്തുന്നു.
വാരിയന്‍കുന്നന്റെ ഫോട്ടോയെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ ഡോ അബ്ബാസ് പനക്കലിനും പുസ്തകത്തിനും ഒരു സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന ഈ അവസരത്തില്‍ പുസ്തകത്തെയും അതിന്റെ ഗ്രന്ഥകാരനെയും വിലയിരുത്തികൊണ്ടുള്ള ലോക പ്രശസ്തയായ പ്രൊഫസ്സര്‍ അമീന ഫിര്‍ദൗസ് ഫക്കീമിന്റെ സന്ദേശം ഏറെ ശ്രദ്ധേയമാണ്.
Related News