കായംകുളം: തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ താമരക്കുളം ചത്തിയറ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കായി ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. 1991 ലെ മികച്ച ബാലചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ നൂറനാട് രാമചന്ദ്രന്‍ സംവിധാനം ചെയ്ത 'അച്ഛന്‍ പട്ടാളം' എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനും തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റുമായ നൂറനാട് രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. പട്ടാളക്കാരനായ അച്ഛനോടുള്ള ഭയവും കുടുംബത്തിലെ അമിതമായ പഠനസമ്മര്‍ദ്ദവും നേരിടേണ്ടി വരുന്ന അശോക് എന്ന കുട്ടിയുടെ സ്‌കൂള്‍ അനുഭവങ്ങളും മാനസിക സംഘര്‍ഷങ്ങളും അധ്യാപകരുടെ സ്നേഹപൂര്‍വമായ ഇടപെടലുകളും ചിത്രീകരിക്കുന്ന സിനിമ കുട്ടികള്‍ക്ക് വേറിട്ട ചലച്ചിത്രാനുഭവം പകര്‍ന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസ് പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ നൂറനാട് രാമചന്ദ്രനെ പ്രിന്‍സിപ്പല്‍ ബബിത പൊന്നാടയണിയിച്ച് ആദരിച്ചു. 'പെരുന്തച്ചന്‍' എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ തോപ്പില്‍ അജയനെ അനുസ്മരിച്ചു കൊണ്ട് ഫിലിം സൊസൈറ്റി സെക്രട്ടറിയും അജയന്റെ സഹധര്‍മിണിയുമായ ഡോ.സുഷമ അജയന്‍ സംസാരിച്ചു. ഗായകരായ കെ.പി.എ.സി ചന്ദ്രശേഖരന്‍, ചാരുംമൂട് പുരുഷോത്തമന്‍, ഫിലിം സൊസൈറ്റി ട്രഷറര്‍ അജയന്‍ പോക്കാട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പി.ഷാജി, ടി.ആര്‍.ബാബു, മോഹനന്‍ പിള്ള എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്:
1.ചലച്ചിത്ര സംവിധായകനായ നൂറനാട് രാമചന്ദ്രനെ താമരക്കുളം ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബബിത ആദരിക്കുന്നു. ഡോ.സുഷമ അജയന്‍, ചാരുംമൂട് പുരുഷോത്തമന്‍, അജയന്‍ പോക്കാട്ട്, പി.ഷാജി എന്നിവര്‍ സമീപം.
2.തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റി താമരക്കുളം ചത്തിയറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനം കാണുന്ന വിദ്യാര്‍ത്ഥികള്‍.
Related News