റിയാദ്: സൗദി ഓര്‍ക്കസ്ട്രയുടെ സംഗീത കച്ചേരി സ്വദേശികള്‍ക്കും ആസ്വദിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് അവസരമൊരുക്കുന്നു. ജനുവരി 16 മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലായി റിയാദിലെ കിങ് ഫഹദ് കള്‍ചറല്‍ സെന്ററിലാണ് കച്ചേരി. സൗദി ഓര്‍ക്കസ്ട്രയുടെ സൗദി മണ്ണിലെ ആദ്യ പരിപാടിയാണിത്. രാജ്യത്തെ സംഗീതരംഗം സമ്പന്നമാക്കാന്‍ മ്യൂസിക് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ഓര്‍ക്കസ്ട്ര രൂപമെടുത്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി അമീര്‍ ബദ്ര്‍ ബിന്‍ അബ്ദുല്ല ഫര്‍ഹാന്റെ നേരിട്ടുള്ള നേതൃത്വത്തിന് കീഴിലാണ് റിയാദിലെ സംഗീത പരിപാടി.
സൗദി നാഷനല്‍ ഓര്‍ക്കസ്ട്രയുടെയും ഗായക സംഘത്തിന്റെയും ആഗോള പര്യടന പരമ്പരയിലെ ആറാമത്തെ വേദിയാണ് റിയാദ്. പാരിസിലായിരുന്നു തുടക്കം. തുടര്‍ന്ന് മെക്‌സിക്കോ, ന്യൂയോര്‍ക്, ലണ്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ അന്താരാഷ്ട്ര തിയറ്ററുകളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. സൗദി പൈതൃകത്തിന്റെ ഈണങ്ങളുടെ പ്രതിധ്വനികള്‍ കൊണ്ട് സൗദി ഗായക സംഘം നടത്തിയ കച്ചേരി സംഗീത ലോകത്തിന് അവീസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
സൗദി നാഷനല്‍ ഓര്‍ക്കസ്ട്രയുടെയും ഗായകസംഘത്തിന്റെയും കച്ചേരിയില്‍ പങ്കെടുക്കാനുള്ള അവസരം രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭ്യമാകുകയാണ് റിയാദിലെ കച്ചേരിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സംഗീതരംഗം സമ്പന്നമാക്കുന്നതോടൊപ്പം സൗദി ഗാനങ്ങളുടെ സംഗീത പാരമ്പര്യം സംരക്ഷിക്കലും ഉദ്ദേശ്യ ലക്ഷ്യമാണ്.
Related News