ദോഹ: പാകിസ്ഥാനിലെ തങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലും ചില അച്ചടി മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ ഖത്തര്‍ എയര്‍വെയ്സ് നിഷേധിച്ചു. എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനിലേക്കും പുറത്തേക്കും പോകുന്ന എല്ലാ വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും രാജ്യത്തുടനീളമുള്ള തങ്ങളുടെ ഓഫീസുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുമെന്നും എയര്‍ലൈന്‍ വ്യക്താക്കി.
എയര്‍ലൈന്‍ തങ്ങളുടെ പാകിസ്ഥാന്‍ സര്‍വീസുകളും പ്രവര്‍ത്തനങ്ങളും നിര്‍ത്തിയതായി സൂചിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയായാണ് വിശദീകരണം. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും യാത്രക്കാര്‍ക്ക് തങ്ങളുടെ സര്‍വീസുകള്‍ പതിവുപോലെ തുടരുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
ശരിയായ വിവരങ്ങളോ സഹായമോ തേടുന്ന യാത്രക്കാര്‍ക്ക്+92 21 38490002എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ദോഹ ഹബ് വഴി ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങളുമായി പാക്കിസ്ഥാനെ ബന്ധിപ്പിക്കുന്ന പതിവ് റൂട്ടുകളില്‍ സര്‍വീസ് തുടരുമെന്നും എയര്‍ലൈന്‍ ഉറപ്പുനല്‍കി.
Related News