വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലെ 'അല്‍ജസീറ' ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഫലസ്തീന്‍ അതോറിറ്റി. ഇസ്രായേല്‍ ഭരണകൂടം ചാനലിന് എതിരെ സ്വീകരിക്കുന്ന നിലപാടിന് സമാനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. നേരത്തെ, ഇസ്രായേലില്‍ ചാനലിന് നിരോധനം ഏര്‍പ്പെടുത്തുകയും റാമല്ലയിലെ ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
രാജ്യത്ത് കലഹമുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതായി ആരോപിച്ചാണ് ചാനലിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി 'വഫ' റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര, വാര്‍ത്താവിനിമയ, സാംസ്‌കാരിക മന്ത്രാലയങ്ങളുടെ മന്ത്രിതല സമിതി ബുധനാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ, ഫലസ്തീന്‍ അതോറിറ്റിയില്‍ ഭൂരിപക്ഷമുള്ള 'ഫതഹ്' പാര്‍ട്ടി അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ ഗവര്‍ണറേറ്റില്‍ അല്‍ ജസീറയെ വിലക്കിയിരുന്നു. ഡിസംബര്‍ 24 നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കില്‍ മുഴുവന്‍ വിലക്കേര്‍പ്പെടുത്തുന്നത്.
മാധ്യമപ്രവര്‍ത്തകരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടയുന്നത് അധിനിവേശ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ജെനിനിലും അഭയാര്‍ഥി ക്യാമ്പുകളിലും, നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥ ലോകം അറിയുന്നത് തടയാനുള്ള ശ്രമമാണെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.
Related News