വാഷിങ്ടന്‍: അമേരിക്കയില്‍ ന്യൂ ഓര്‍ലിയന്‍സ് ഫ്രഞ്ച് ക്വാര്‍ട്ടറിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ പുതുവര്‍ഷം ആഘോഷിച്ചുകൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞുകയറി 15 പേര്‍ മരിക്കാനും 35 പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയായ സംഭവത്തിനു പിന്നാലെ ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്കു പരിക്കേറ്റു.
ഹോട്ടല്‍ കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടര്‍ന്ന് ചെറു സ്‌ഫോടനവുമുണ്ടായി. ട്രക്കിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ന്ന സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സ്‌ഫോടനത്തെ തുടര്‍ന്ന് ഹോട്ടലില്‍ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂര്‍ണമായും ഒഴിപ്പിച്ചു.
ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറ്റി നടത്തിയ വെടിവയ്പ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കക്കാരനായ മുന്‍ സൈനികന്‍ ഷംസുദ്ദിന്‍ ജബ്ബാര്‍ (42) ആണെന്ന് എഫ്ബിഐ. സംഭവത്തിനു പിന്നാലെ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജബ്ബാര്‍ സൈന്യത്തില്‍ ഐടി സ്‌പെഷ്യലിസ്റ്റായാണ് ജോലി നേക്കിയിരുന്നത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Related News