ദമാം: അല്‍ കോബാര്‍ യുണൈറ്റഡ് എഫ്.സി സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പിന്റെ കലാശപ്പോരാട്ടം തുഖ്ബ ക്ലബ് സ്റ്റേഡിയത്തില്‍ ജനുവരി മൂന്നിന് വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് നടക്കും. കരുത്തരായ ബദര്‍ എഫ്.സിയും ദല്ല എഫ്.സിയുമാണ് ഫൈനലില്‍ മാറ്റുരക്കുന്നത്. നാട്ടില്‍ നിന്നടക്കമുള്ള സംസ്ഥാന ദേശീയ താരങ്ങള്‍ ഇരു ടീമുകള്‍ക്ക് വേണ്ടിയും ജേഴ്‌സിയണിയും.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീറും വാശിയും സമ്മാനിക്കുന്ന മത്സരമായി കലാശപ്പോരാട്ടം മാറും. കഴിഞ്ഞ ദിവസങ്ങളില്‍ കളി കാണാന്‍ നിരവധി പ്രവാസി കുടുംബങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്. കോര്‍ണിഷ് സോക്കറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കരുത്തരായ ദമാം ബദര്‍ ഫുട്ബാള്‍ ക്ലബ്ബ് ഫൈനല്‍ പ്രവേശം നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരനായി ബദറിന്റെ നിയാസ് അര്‍ഹനായി.
രണ്ടാം സെമിയില്‍ കരുത്തരായ ഇ.എം.എഫ് റാക്കയും ദല്ല എഫ്.സിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് നടന്ന ടൈബ്രേക്കറിലാണ് ദല്ല എഫ് സി വിജയിച്ച് ഫൈനല്‍ പ്രവേശം നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരനായി ദല്ലയുടെ അനസിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സുബൈര്‍ ഉദിനൂര്‍, മുജീബ് കൊളത്തൂര്‍, നൂര്‍ റോയല്‍ ട്രാവല്‍സ്, ഫവാസ് കലിക്കറ്റ് , മുഹമ്മദ് ജാഫര്‍, മുഹമ്മദ് നിഷാദ് എന്നിവര്‍ സമ്മാനിച്ചു.
വിടവാങ്ങിയ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ : മന്‍മോഹന്‍ സിംഗ്, പ്രശസ്ത കഥാകൃത്ത് എം.ടി വാസുദേവന്‍ നായര്‍ എന്നിവരുടെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അഥിതികളും കളിക്കാരും സംഘാടകരും മൈതാന മധ്യത്തില്‍ ഒത്ത് ചേര്‍ന്നാണ് ആദരാജ്ഞലികള്‍ നേര്‍ന്നത്. മുഹമ്മദ് ഷിബിന്‍, ഷംസീര്‍ എടത്തനാട്ടുകര, ഫിറോസ് വാണിയമ്പലം, ലെഷിന്‍ മണ്ണാര്‍ക്കാട്, എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.
-----
പടം : യു.എഫ്.സി ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ബദര്‍ എഫ് സി-ദല്ല എഫ് സി ടീമുകള്‍.
Related News