ജിദ്ദ: മക്ക ആസ്ഥാനമായുള്ള രാജ്യാന്തര മുസ്ലിം വേദിയായ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വത്തു അല്‍ആലമില്‍ ഇസ്ലാമി) സെക്രട്ടറി ജനറലും ആഗോള ഇസ്ലാമിക പണ്ഡിത സംഘടനയുടെ അധ്യക്ഷനുമായ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ഇസ്സയും കത്തോലിക്കാ സഭാ അധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. വത്തിക്കാനിലെ പോപ്പിന്റെ ആസ്ഥാനത്തു നടന്ന സൗഹൃദ ചര്‍ച്ച പൊതുതാല്‍പര്യവും സഹകരണവും എടുത്തുകാണിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇറ്റലിയിലെ സന്ദര്‍ശനം തുടരവേ, ഡോ. മുഹമ്മദ് അബ്ദുല്‍കരീം അല്‍ഇസ്സയ്ക്ക് ചരിത്രപരമായും അക്കാദമിക് തലത്തിലും പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ബൊലോഗ്‌ന നിയമത്തില്‍ ഓണററി പോസ്റ്റ്-ഡോക്ടറല്‍ ഫെലോഷിപ്പ് സമ്മാനിച്ചു. ഇതിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ യൂണിവേഴ്സിറ്റി മേധാവി, ലോ കോളേജ് ഡീന്‍, നിരവധി അക്കാദമിക് വിദഗ്ധര്‍, ഇറ്റലിയിലെ ഇസ്ലാമിക നേതാക്കള്‍, കത്തോലിക്കാ വ്യക്തിത്വങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കുക, മനുഷ്യ സമൂഹങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ നിര്‍മ്മിക്കുക, വീക്ഷണാന്തരങ്ങള്‍ ഉള്‍ക്കൊള്ളുകയും പൊതുവായ സഹകരണം ഉറപ്പാക്കുകയും ചെയ്യുക, നിരവധി ഫലപ്രദമായ സംരംഭങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിനും സൗഹൃദത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് നല്‍കിയ സംഭാവനകളെ വിലമതിച്ചു കൊണ്ടാണ് ഡോ. അല്‍ഇസ്സയ്ക്ക് ആദരവ് നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കാരണം, ഈ ശ്രമങ്ങള്‍ സമാധാനത്തിനായുള്ള ലോകത്തിന്റെ പ്രതീക്ഷയെ പ്രതിനിധീകരിക്കുന്നതായും അവര്‍ വിശദീകരിച്ചു.
അതേസമയം, പാശ്ചാത്യ ലോകത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളിലൊന്നില്‍ നിന്ന് ലഭിച്ച സീനിയര്‍ ഓണററി പോസ്റ്റ്-ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കാനുള്ള കാരണങ്ങളായി വിശദീകരിക്കപ്പെട്ട കാര്യങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്തവും ബാധ്യതകളുമാണെന്ന് ഡോ. അല്‍ഈസാ മറുപടിയായി പറഞ്ഞു. ഇതിനൊക്കെ വേണ്ടിയും കൂടിയാണ് മുസ്ലിം വേള്‍ഡ് ലീഗ് ആയാലും ആഗോള പണ്ഡിത സഭ ആയാലും ഇസ്ലാമിക കൂട്ടായ്മകള്‍ ആയാലും പ്രവര്‍ത്തിക്കുന്നതെന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റാലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുസ്ലിം വേള്‍ഡ് ലീഗ് അധ്യക്ഷന്‍ 'ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക് ലാംഗ്വേജ് അവാര്‍ഡ്' പ്രകാശനവും നിര്‍വഹിച്ചു. ഇറ്റലിയിലെ മിലാനിലുള്ള കാത്തലിക് യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചായിരുന്നു അവാര്‍ഡ് പ്രകാശനം. വത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, സര്‍വകലാശാല പ്രസിഡന്റ് , ഫാക്കല്‍റ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പ്രമുഖ ഇറ്റാലിയന്‍ ഇസ്ലാമിക നേതാക്കള്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അക്കാദമിക് സ്‌പെഷ്യലൈസേഷനിലും അനുബന്ധ പഠനങ്ങളിലും ലോകത്തിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലയായ കാത്തലിക് യൂണിവേഴ്സിറ്റിയായ മിലാന കാത്തലിക് യൂണിവേഴ്സിറ്റിയുടെ ഭാഗമായി മാറുന്ന ഈ അറബ് - ഇസ്ലാമിക് അവാര്‍ഡ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഇത്രയും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ ഒരു രാജ്യാന്തര പ്ലാറ്റ്ഫോമില്‍ നിന്നുള്ള ദീര്‍ഘകാലത്തെ പ്രതീക്ഷയായിരുന്നുവെന്ന് ഇറ്റലിയിലെ മുസ്ലിം നേതാക്കള്‍ വിലയിരുത്തി.
ഇസ്ലാമിക പഠനങ്ങളും അറബി ഭാഷയും ഉള്‍പ്പെടെയുള്ള നിരവധി ശാഖകള്‍ ഉള്‍ച്ചേര്‍ന്നതാണ് പ്രകാശിതമായ 'ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക് ലാംഗ്വേജ് അവാര്‍ഡ്'. കൂടാതെ നിരവധി ശാസ്ത്രീയ പ്രശ്നങ്ങളിലും വിഷയങ്ങളിലുമുള്ള ഇസ്ലാമിക ആശയങ്ങള്‍ വ്യക്തമാക്കുക, അറബി ഭാഷ പഠിക്കുകയും അതിന്റെ സവിശേഷതകളെയും സൗന്ദര്യത്തെയും കുറിച്ച് അവഗാഹം നേടുക എന്നീ മേഖലകളിലും അവാര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നുമുണ്ട്.
Related News