കാബൂള്‍: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ മരവിപ്പിച്ച നയതന്ത്ര ദൗത്യം സൗദി അറേബ്യ പുനഃസ്ഥാപിച്ചു. 'അസ്ഥിരമായ സാഹചര്യങ്ങള്‍' മുന്‍നിര്‍ത്തി രാഷ്ട്രീയ കാലുഷ്യം നിലനിന്ന അഫ്ഗാന്‍ തലസ്ഥാത്തെ നയതന്ത്ര സ്ഥാപനത്തില്‍ നിന്ന് 2021 ഓഗസ്റ്റ് 15 നായിരുന്നു സൗദി അറേബ്യ നയതന്ത്രജ്ഞരെ പിന്‍വലിച്ചത്. അതാണ് തിങ്കളാഴ്ച പുനഃസ്ഥാപിച്ചത്.
കാബൂളിലെ നയതന്ത്ര പ്രവര്‍ത്തനം പുനരാരംഭിക്കുന്നതായുള്ള വിവരം തിങ്കളാഴ്ച സൗദി എംബസി ''എക്‌സ്'' പ്ലാറ്റ്ഫോമിലെ പ്രസ്താവനയിലൂടെയാണ് പുറത്തുവിട്ടത്. ''സഹോദരങ്ങളായ അഫ്ഗാന്‍ ജനതയ്ക്ക് എല്ലാ സേവനങ്ങളും നല്‍കാനുള്ള സൗദി അറേബ്യയുടെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍, കാബൂളിലെ സൗദി അറേബ്യയുടെ ദൗത്യം പുനരാരംഭിക്കാന്‍ തീരുമാനിച്ചു' - എന്നായിരുന്നു അറിയിപ്പ്.
മൂന്ന് വര്‍ഷത്തിനുശേഷം കാബൂളിലെ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. നയതന്ത്ര സ്ഥാപനം പുനരാരംഭിക്കുന്നതിലൂടെ സൗദി അറേബ്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ തെളിയുമെന്നും വലിയ തോതിലുള്ള സൗഹൃദ സാധ്യതകളില്‍ തങ്ങള്‍ക്ക് തികഞ്ഞ ശുഭാപ്തി വിശ്വാസമാണുള്ളതെന്നും അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സിയ അഹമ്മദ് പറഞ്ഞു. സൗദിയുടെ പുതിയ നീക്കത്തിലൂടെ 'സൗദി അറേബ്യയില്‍ താമസിക്കുന്ന അഫ്ഗാനികളുടെ പ്രശ്നങ്ങളോട് പ്രതികരിക്കാനുള്ള സാധ്യതയും കൈവന്നിരിക്കയാണെന്നും 'സ്‌കൈ ന്യൂസ് അറേബ്യ'യോട് അദ്ദേഹം പറഞ്ഞു.
'അസ്ഥിരമായ സാഹചര്യങ്ങള്‍' കാരണം 2021 ഓഗസ്റ്റ് 15 നായിരുന്നു സൗദി അറേബ്യ കാബൂളിലെ നയതന്ത്രജ്ഞരെ പിന്‍വലിച്ചത്. അതേസമയം, 2021 നവംബറില്‍, സൗദി അറേബ്യ കാബൂളില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
Related News