വാഷിങ്ടണ്‍: പ്രശസ്ത തബല വാദകന്‍ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയായി സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വെച്ചാണ് അന്ത്യം.
മേശകളിലും പാത്രങ്ങളിലും താളം പിടിച്ച്, മൂന്നാം വയസ്സിലേ സംഗീതമാണു വഴിയെന്നുറപ്പിച്ചയാളാണു സാക്കിര്‍ ഹുസൈന്‍. ഏഴാം വയസ്സ് മുതല്‍ പിതാവ് തബല ചിട്ടയായി പഠിപ്പിച്ചു. പ്രശസ്ത തബലവാദകന്‍ ഉസ്താദ് അല്ലാ രഖാ ഖുറേഷിയുടെയും ബാവി ബീഗത്തിന്റെയും പുത്രനായി 1951 മാര്‍ച്ച് 9ന് മുംബൈയിലെ പ്രാന്തപ്രദേശമായ മാഹിമിലാണു സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. മൂന്നാം വയസ്സ് മുതല്‍ സംഗീതത്തില്‍ അഭിരുചി കാണിച്ച അദ്ദേഹം 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു.
പ്രശസ്ത പോപ്പ് ബാന്‍ഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
മലയാളത്തിലെ 'വാനപ്രസ്ഥം' അടക്കമുള്ള ഏതാനും സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.
സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛനു പകരക്കാരനായി തുടങ്ങി. പിന്നീട് പന്ത്രണ്ടാം വയസ്സില്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. പന്ത്രണ്ടാം വയസ്സില്‍തന്നെ പട്‌നയില്‍ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ശഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം 2 ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.
Related News