ഫോര്‍ട്ട് കൊച്ചി: അറബിക്കടലിന്റെ തീരത്ത് രാഗങ്ങള്‍ പെയ്തിറങ്ങി. കര്‍ണാട്ടിക് രാഗങ്ങള്‍ സാക്‌സോഫോണിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ കടപ്പുറത്തു കാറ്റ് കൊള്ളാനെത്തിയ വിനോദസഞ്ചരികള്‍ വരെ ആനന്ദ നൃത്തം ചവുട്ടി. തെന്നിന്ത്യന്‍ സാക്‌സോഫോണിസ്റ്റ് ചെന്നൈ ജി. രാമനാഥന്‍ ഡേവിഡ് ഹാള്‍ അങ്കണത്തില്‍ അവതരിപ്പിച്ച ശ്രവ്യ വിരുന്ന് ഫോര്‍ട്ട്കൊച്ചിക്ക് നവ്യാനുഭവമായിരുന്നു.
ചെന്നൈ ജി. രാമനാഥന്‍ കൊച്ചിയില്‍ സംഗീത പരിപാടി അവതരിപ്പിച്ചത് ആദ്യമായാണ്. പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ആണ് സാക്‌സോഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ്‌സ് സംഗീത പരിപാടി സംഘടിപ്പിച്ചത്. ഗസല്‍ മജീദ് ഹാര്‍മോണിയവും ബിനു കോശി ഗിറ്റാറും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റെയ്ന്‍ ഫെര്‍ണാണ്ടസ് തബലയും വായിച്ചു.
കെ.ജെ മാക്‌സി എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.വി തോമസ്, കൗണ്‍സിലര്‍ ആന്റണി കുരീത്തറ, ജോസ് ഡോമിനിക്, ബോണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊച്ചിയുടെ ടൂറിസം വികസന രംഗത്ത് സമഗ്ര സംഭാവന ചെയ്ത സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് & റിസോര്‍ട്ട്‌സിന്റെ മുന്‍ചെയര്‍മാനും സി.ഇ.ഒ യുമായ ജോസ് ഡോമിനിക്കിനെ ചടങ്ങില്‍ ആദരിച്ചു. കൊച്ചിയുടെ ടൂറിസം മേഖലയുടെ ഉണര്‍വും വിദ്യാര്‍ത്ഥികളുടെ കലാപരമായ വളര്‍ച്ചയും ലക്ഷ്യമിട്ടാണ് വിദ്യാധനം ട്രസ്റ്റ് 'കൊച്ചി കലോത്സവ' പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. കൊച്ചി കലോത്സവത്തിന്റെ രണ്ടാം എഡിഷന്‍ ജനുവരിയില്‍ തുടങ്ങും.
ഫോട്ടോ: പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സാക്‌സോഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ്‌സ് സംഗീത പരിപാടി കെ.ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
Related News