'ഇഖാമ' കയ്യില്‍; കടലിരമ്പം ഖല്‍ബില്‍: രാജ്യനിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അളക്കുമ്പോള്‍ ആദ്യകാലത്ത് കടല്‍ കടന്നവരെ മറക്കരുത്'-എം എന്‍ കാരശ്ശേരി
കരകാണാകടലലയിലൂടെ എണ്ണ നിര്‍ഗ്ഗളിച്ച ഗള്‍ഫ് നാടുകളിലേക്ക് മലയാളികള്‍ നടത്തിയ ഉപജീവന യാത്രയുടെ സര്‍ഗ്ഗസുന്ദരമായ ആഖ്യാനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ഇഖാമ' എന്ന മലയാള നോവല്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ്, വരേണ്യവര്‍ഗത്തിന് മാത്രം സാധിച്ചിരുന്ന മെച്ചപ്പെട്ട ജീവിതം അധഃസ്ഥിതര്‍ക്കും അനുഭവിക്കാന്‍ വഴിയൊരുക്കിയ യഥാര്‍ത്ഥ സാമൂഹ്യ വിപ്ലവമായിരുന്നു മലയാളികളുടെ ഗള്‍ഫ് പ്രവാസം. അത് പിച്ചവെച്ചു തുടങ്ങിയ കാലത്തെ മനുഷ്യരാണ് 'ഇഖാമ' യിലെ കഥാപാത്രങ്ങള്‍.
നോവല്‍ മുന്നോട്ട് തുഴഞ്ഞു നീങ്ങുമ്പോള്‍ സര്‍ഗ്ഗസുന്ദരമായ അതിലെ ആഖ്യാന ഭംഗിയോടൊപ്പം നമ്മുടെ ഇന്നത്തെ ഔന്നിത്യത്തിന് വഴിയൊരുക്കിയ ആ പൂര്‍വികരുടെ ത്യാഗ ജീവിതവും മനസ്സ് നിറയും. അവരോടുള്ള ഇഷ്ട്ടം നമ്മുടെ നെഞ്ചില്‍ നിലനില്‍ക്കും - ആദരവായും നൊമ്പരമായും.
പ്രവാസി കൂടിയായ എഴുത്തുകാരന്‍ അമ്മാര്‍ കീഴുപറമ്പ് രചിച്ച 'ഇഖാമ' നോവല്‍ മുക്കം ബി പി മൊയ്തീന്‍ സേവ മന്ദിറില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചിന്തകനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം എന്‍ കാരശ്ശേരി പ്രകാശനം ചെയ്തു. ത്യാഗം നിറഞ്ഞ വഴികളിലൂടെ പായക്കപ്പലിലും പത്തേമാരികളിലും ലോഞ്ചുകളിലും കടല്‍ കടന്ന് മരുഭൂമിയില്‍ വിയര്‍പ്പ് ചിന്തി നേടിത്തന്നതാണ് കേരളീയ സമൂഹം ഇന്ന് അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതമെന്നും അതിനാല്‍ പ്രവാസികളാണ് നവ കേരളത്തിന്റെ യഥാത്ഥ ശില്പികളെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.
'ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന തൊഴില്‍ പ്രതിസന്ധിയെ മലബാര്‍ മറികടന്നത് ഗള്‍ഫ് പ്രവാസം കൊണ്ടാണ്. കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക മുന്നേറ്റത്തെ കുറിച്ച് പറയുമ്പോള്‍, അവികസിതമായ ആ കാലഘട്ടത്തില്‍ ത്യാഗോജ്വലമായ യാത്രയിലൂടെ ഗള്‍ഫ് നാടുകളിലെത്തി വികസിത കേരളത്തിന് അടിത്തറ പാകിയ ആദ്യകാല ഗള്‍ഫ് പ്രവാസികളെ മറന്നുപോകരുത്' - ഡോ. എം എന്‍ കാരശ്ശേരി പറഞ്ഞു.
ചരിത്രത്തില്‍ അടയാളപ്പെടാതെ പോയ ആദ്യകാല ഗള്‍ഫ് പ്രവാസികളുടെ ചരിത്രം രേഖപ്പെടുത്തുന്നതാണ് 'ഇഖാമ' നോവലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇഖാമ' എന്ന എന്ന അറബി പദത്തിന് 'റെസിഡന്‍സ് - താമസം' എന്നാണ് അര്‍ത്ഥം. ഗള്‍ഫ് പ്രവാസികളുടെ അതാത് രാജ്യങ്ങളിലെ താമസ രേഖയാണ് അത്.
പ്രമുഖ മാപ്പിളപാട്ടു ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. സംവാദ ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, മലിക് നാലകത്ത്, സലാം കൊടിയത്തൂര്‍, ബന്ന ചേന്ദമംഗല്ലൂര്‍, ഉബൈദ് എടവണ്ണ, രചയിതാവ് അമ്മാര്‍ കിഴുപറമ്പ്, ലുഖുമാന്‍ അരീക്കോട് എന്നിവരും പ്രകാശന ചടങ്ങിന്റെ ഭാഗമായി. 145 പേജും 200 രൂപ മുഖവിലയുമുള്ള 'ഇഖാമ' യുടെ പ്രസാധകര്‍ പേജ് ഇന്ത്യ ആണ്.
1960 കളില്‍ കുടുംബം പോറ്റാനായി മരണത്തെ മുഖാമുഖം കണ്ട് കടല്‍ മുറിച്ച് അക്കരയെത്തിയ മനുഷരുടെ അതിജീവനത്തിന്റെ ഉള്ളുരുക്കള്‍ അവരോടുള്ള ഇഷ്ടമായി വായനക്കാരെ പിന്തുടരും.
തിരിച്ച് വരുമെന്നോ, ലക്ഷ്യസ്ഥാനത്ത് എത്തുമെന്നോ ഒരുറപ്പുമില്ലാതെ മരണത്തോട് ചങ്ങാത്തം കൂടി മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാന്‍ വേണ്ടി കടല്‍ കടന്ന ആദ്യകാല മലയാളി യുവാക്കള്‍ കാട്ടിയ വഴികളിലൂടെ തുടര്‍ യാത്ര നടത്തി നേടിയതാണ് മക്കളേ ഇന്ന് നാം അനുഭവിക്കുന്നതെല്ലാം. അന്നത്തിനു വേണ്ടിയുള്ള കൂടപിറപ്പുകളുടെ കൂട്ട നിലവിളികള്‍ നാട് വിടാന്‍ തള്ളിവിട്ട നമ്മുടെ മുഗാമികളായ പ്രവാസികളോടുള്ള ഇഷ്ടം 'ഇഖാമ' വായിച്ചു തീരുവോളവും തീര്‍ന്നാലും ഓര്‍മകളില്‍ അവശേഷിക്കും - ആദരവായും നൊമ്പരമായും.
Related News