ദമ്മാം- ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത തന്ത്രപ്രധാന പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ സൈനിക വിഭാഗം കിഴക്കന്‍ മേഖലയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ എത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും മറ്റ് പിന്തുണ നല്‍കുന്ന വിമാനങ്ങളും ഉള്‍പ്പെടുന്നതാണ് സൗദിയിലെത്തിയ ഈ സൈനിക സംഘം.
ഇരുരാജ്യങ്ങളുടെയും സായുധ സേനകള്‍ തമ്മിലുള്ള സംയുക്ത സൈനിക ഏകോപനം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന സജ്ജതയുടെ നിലവാരം ഉയര്‍ത്തുന്നതിനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. ഇതിലൂടെ സൈനിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യതയും വേഗവും കൊണ്ടുവരാന്‍ സാധിക്കുമെന്ന് അധികൃതര്‍ കരുതുന്നു.
മേഖലാതലത്തിലും അന്തര്‍ദേശീയ തലത്തിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സഹോദര രാജ്യങ്ങളായ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഈ പ്രതിരോധ നീക്കം വലിയ പങ്ക് വഹിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Related News