റിയാദ്: സൗദി അറേബ്യയിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടസുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഖബറടക്കി. ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി വിഭാഗം ജീവനക്കാരനായ ജറഹ് മുഹമ്മദ് അല്‍-ഷലാന്‍ അല്‍-ഖാലിദി (44) ആണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് ഏഴ് സൗദി പൗരന്മാര്‍ക്കും പരിക്കേറ്റതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുപ്രധാനമായ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ഒന്നിന് സംരക്ഷണമൊരുക്കുന്നതിനിടെ ജീവന്‍ ബലിനല്‍കിയ അല്‍-ഖാലിദിയെ 'ധീര രക്തസാക്ഷി' എന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തു.
കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് ഗവര്‍ണറേറ്റിലുള്ള അനക് നഗര സ്വദേശിയാണ് കൊല്ലപ്പെട്ട അല്‍-ഖാലിദി. ദമ്മാമിലെ അല്‍-ഫുര്‍ഖാന്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
ഊര്‍ജ്ജ മേഖലയിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സൗദിയില്‍ ഉയരുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച അല്‍-ഖാലിദിക്ക് സോഷ്യല്‍ മീഡിയ വഴിയും മറ്റും നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ്.
Related News