ജിസാന്‍: സൗദി അറേബ്യയിലെ ജിസാനില്‍ അന്തരിച്ച പത്തനംതിട്ട റാന്നി സ്വദേശിനി ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ (34) മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 22-നാണ് അബു അരിഷ് ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലില്‍ ഇവര്‍ മരിച്ചത്. തിങ്കളാഴ്ച റാന്നിയിലെ സ്വവസതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികള്‍ക്കായി കുടുംബം കെ.എം.സി.സി.യെ സമീപിക്കുകയും സിറാജ് പുല്ലൂരാംപാറയ്ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും ചെയ്തിരുന്നു. ജിസാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ കീഴില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗങ്ങളായ ഷംസു പൂക്കോട്ടൂര്‍ (പ്രസിഡന്റ്), ഖാലിദ് പട്‌ല (ജനറല്‍ സെക്രട്ടറി), ഹോസ്പിറ്റല്‍ എച്ച്.ആര്‍ വിഭാഗം മേധാവി ഡോ. മുഹമ്മദ്, ഡോ. നൗഷാദ് എന്നിവര്‍ യാത്രാരേഖകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി.
ചികിത്സയിലിരുന്ന സമയം മുതല്‍ ഷംസു പൂക്കോട്ടൂരിന്റെ നിരന്തരമായ ഇടപെടലുകള്‍ വഴി നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കഴിഞ്ഞ എട്ടു വര്‍ഷമായി അബു അരിഷ് ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഷേര്‍ളി. ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ജോബിന്‍. അബഹ ഹയാത്ത് ഹോസ്പിറ്റലിലെ ജീവനക്കാരി ഷൈനി ഡേവിഡ് സഹോദരിയാണ്.
Related News