ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പുരില്‍ അപ്പാര്‍ട്ട്മെന്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യു പി എസ് സി ഉദ്യോഗാര്‍ഥി രാംകേഷ് മീണയുടെ (32) മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. തീപിടിത്തം മൂലമുള്ള അപകടമരണം എന്ന് ആദ്യം സംശയിച്ച കേസാണ് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മീണയുടെ ലീവ്-ഇന്‍ പങ്കാളിയായ അമൃത ചൗഹാന്‍ (21), അമൃതയുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, ഇവരുടെ സുഹൃത്ത് സന്ദീപ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ്. അമൃത ബിഎസ്സി ഫൊറന്‍സിക് സയന്‍സ് വിദ്യാര്‍ഥിയാണ്.
ഒക്ടോബര്‍ ആറിനാണ് തിമാര്‍പുരിലെ ഗാന്ധി വിഹാറിലെ അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലെ ഫ്‌ലാറ്റില്‍ തീപിടിത്തമുണ്ടായതും മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതും. കഴിഞ്ഞ മേയ് മുതലാണ് മീണയും അമൃതയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അമൃതയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും മീണ രഹസ്യമായി റെക്കോഡ് ചെയ്ത് ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയ അമൃത, വിവരങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും മീണ വഴങ്ങിയില്ല. ഇതാണ് മീണയെ വകവരുത്താന്‍ അമൃതയെ പ്രേരിപ്പിച്ചത്.
മീണയെ കൊല്ലാനായി അമൃത തന്റെ മുന്‍ കാമുകന്‍ സുമിത്തിനെ ബന്ധപ്പെട്ടു. ഫൊറന്‍സിക് സയന്‍സിലുള്ള അമൃതയുടെ അറിവും പാചകവാതക വിതരണക്കാരനായ സുമിത്തിന്റെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു ശേഷം ഫ്‌ലാറ്റിനു തീയിട്ട്, തീപിടിത്തം മൂലമുള്ള അപകടമരണമായി കേസ് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ ശ്രമം. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മൂന്നുപേര്‍ അറസ്റ്റിലായതും.
Related News