പട്‌ന: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ 'ഇന്ത്യ' സഖ്യത്തില്‍ (മഹാസഖ്യം) നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിഷയത്തില്‍ രാഷ്ട്രീയ ജനതാദളും (ആര്‍.ജെ.ഡി) കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തിയതായാണ് സൂചന.
ആര്‍.ജെ.ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാസഖ്യത്തിലെ എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തേജസ്വി യാദവിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി അംഗീകരിച്ചേക്കും. അംഗീകാരം ലഭിച്ചാലുടന്‍ അദ്ദേഹത്തെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി പരസ്യമായി പ്രഖ്യാപിക്കും.
തേജസ്വി യാദവിന്റെ നേതൃത്വത്തില്‍, സഖ്യം പുതിയ പ്രചാരണ മുദ്രാവാക്യം പുറത്തിറക്കാനും ഒരുങ്ങുകയാണ്. 'ചലോ ബിഹാര്‍... ബിഹാര്‍ ബദ്‌ലേന്‍' (നമുക്ക് ബിഹാറിലേക്ക് പോകാം... ബിഹാറിനെ മാറ്റാം) എന്നതാണ് പുതിയ മുദ്രാവാക്യം. വോട്ടര്‍മാരുടെ പിന്തുണ ഏകീകരിക്കുന്നതിനും തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിവര്‍ത്തനത്തിന്റെ സന്ദേശം നല്‍കാനുമാണ് ഈ മുദ്രാവാക്യം ലക്ഷ്യമിടുന്നത്.
Related News