ന്യൂഡല്‍ഹി: ദീപാവലി ആഘോഷരാത്രിയിലെ വെടിക്കെട്ടുകള്‍ക്ക് ശേഷം ഡല്‍ഹി ഇന്ന് രാവിലെ ഉണര്‍ന്നത് കട്ടിയുള്ള പുകമഞ്ഞില്‍ പൊതിഞ്ഞാണ്. തലസ്ഥാന മേഖലയിലുടനീളമുള്ള വായുവിന്റെ ഗുണനിലവാരം (AQI) ഒറ്റരാത്രികൊണ്ട് കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 5:30-ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 346 ആയിരുന്നു. ഇതോടെ നഗരത്തിന്റെ മിക്ക ഭാഗങ്ങളും 'റെഡ് സോണി'ലായി,
വായു മലിനീകരണം രൂക്ഷമായതോടെ നഗരത്തിലെ കാഴ്ചാപരിധി കുത്തനെ കുറഞ്ഞു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. പങ്കുവെച്ച വീഡിയോയില്‍, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള പ്രശസ്തമായ ഇന്ത്യാ ഗേറ്റും കര്‍ത്തവ്യപഥും കട്ടിയുള്ള മൂടല്‍മഞ്ഞില്‍ ഏതാണ്ട് അദൃശ്യമായ നിലയിലായിരുന്നു.
വിഷവായുവില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ ഡല്‍ഹി നിവാസികളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അണപൊട്ടിയൊഴുകി.
'ഇന്നോ നാളെയോ നമുക്ക് ഗ്രീന്‍ ക്രാക്കറുകള്‍ ആവശ്യമില്ല. മെച്ചപ്പെട്ട വായുവാണ് വേണ്ടത്. ശ്വാസമെടുക്കാന്‍ നമുക്ക് അവകാശമുണ്ട്! ഡല്‍ഹി സര്‍ക്കാരേ, ഉണരുക. നമ്മള്‍ എടുക്കുന്ന ഓരോ ശ്വാസവും വിഷമയമാണ്,' ഒരു ഉപയോക്താവ് എക്‌സില്‍ ആവശ്യപ്പെട്ടു.
മറ്റൊരാള്‍ തങ്ങളുടെ പ്രദേശത്തെ ഗുരുതരമായ സാഹചര്യം പങ്കുവെച്ചു: 'ഞാന്‍ താമസിക്കുന്ന സ്ഥലത്തെ നിലവിലെ സ്ഥിതി. ആകാശത്തെ വെടിക്കെട്ട് എനിക്ക് കഷ്ടിച്ച് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ, എന്നിട്ടും ആളുകള്‍ നമ്മുടെ നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാസ് ചേംബറാക്കാന്‍ പടക്കം പൊട്ടിക്കുന്നത് തുടരുകയാണ്.'
AQI 301നും 400-നും ഇടയിലാണെങ്കില്‍ 'വളരെ മോശം' എന്നും 401-നും 500-നും ഇടയിലാണെങ്കില്‍ 'അതീവ ഗുരുതരം' എന്നുമാണ് കണക്കാക്കുന്നത്.
Related News