ദുബായ്- ഏഷ്യന്‍ ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ആദ്യമായി ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ മൈതാനത്തും പുറത്തും ചോദ്യങ്ങള്‍ ഏറെയാണ്.
ഈ വര്‍ഷം ആദ്യം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള വര്‍ധിച്ച സൈനിക, നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഇതിനകം രണ്ടുതവണ ഏറ്റുമുട്ടിയത്. ഇരു മത്സരങ്ങളും കളിക്കാര്‍ക്കിടയില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം പതിവുപോലെ മത്സരശേഷമുള്ള ഹസ്തദാനത്തിന് തയാറാകാത്തതാണ് രംഗം കലുഷമാക്കിയത്. ഇന്ത്യന്‍ സായുധ സേനയോടും, 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിലെ ഇരകളോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്.
മറുപടിയായി, പാകിസ്ഥാന്‍ നായകന്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍നിന്ന് വിട്ടുനില്‍ക്കുകയും ടീം മാധ്യമങ്ങളുമായുള്ള ഇടപെടല്‍ പരിമിതപ്പെടുത്തുകയും ചെയ്തു.
ഇരു ടീമുകളുടെയും രണ്ടാമത്തെ ഏറ്റുമുട്ടലിലും മഞ്ഞുരുകിയില്ല. ടോസിന്റെ സമയത്ത് ഇരു നായകന്മാരും കൈ കൊടുത്തില്ല, കളി അവസാനിച്ചപ്പോഴും കളിക്കാര്‍ പരമ്പരാഗതമായ ഹസ്തദാനത്തില്‍നിന്ന് വിട്ടുനിന്നു. കായിക സൗഹൃദത്തിന്റെ പ്രതീകമാണ് ഇതോടെ ഇല്ലാതായത്.
ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഫൈനലിനായി ഇരു ടീമുകളും ഒരുങ്ങുമ്പോള്‍, കിരീടപ്പോരാട്ടത്തില്‍ അവര്‍ ഹസ്തദാനം നടത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
മുന്‍ മത്സരങ്ങളിലെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, പാക് പേസ് ബൗളര്‍ ഹാരിസ് റൗഫ്, ബാറ്റര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരുള്‍പ്പെടെ ഇരുടീമുകളിലെയും കളിക്കാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.
Related News