റിയാദ്: സൗദി അറേബ്യയിലും ഗൂഗിള്‍ പേ സേവനം ലഭ്യമാകുന്നു. റിയാദ് എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മണി 20/20 മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആണ് പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലെ നാഷണല്‍ പേയ്മെന്റ് സിസ്റ്റം (മദ) വഴിയാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുക.
സൗദിയുടെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് വേണ്ടി ഡിജിറ്റല്‍ പേയ്മെന്റ് മേഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിള്‍ പേ സേവനം ആരംഭിച്ചിരിക്കുന്നത്. വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളിലൊന്നാണ് സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുക എന്നുള്ളത്. രാജ്യത്തെ ദേശീയ പേയ്‌മെന്റ് സംവിധാനമായ 'മദ'യുമായി സഹകരിച്ചാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേഗത്തിലും സുരക്ഷിതമായും പണമിടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കും. ഈ സേവനം വരുന്ന ആഴ്ചകളില്‍ സൗദിയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.
ഗൂഗിള്‍ പേ ഉപയോഗിച്ച് 'ടാപ് ടു പേ' സംവിധാനത്തിലൂടെ സ്റ്റോറുകളില്‍ എളുപ്പത്തില്‍ പണമടയ്ക്കാം. ഉടന്‍ തന്നെ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഈ സൗകര്യം ലഭ്യമാകും. ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷനില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മദ കാര്‍ഡുകളും വിസ, മാസ്റ്റര്‍കാര്‍ഡ് പോലുള്ള ക്രെഡിറ്റ് കാര്‍ഡുകളും എളുപ്പത്തില്‍ ചേര്‍ക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. നിലവില്‍ അല്‍രാജ്ഹി, റിയാദ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ലഭ്യമാണ്. മറ്റു ബാങ്കുകളും ഘട്ടം ഘട്ടമായി ഈ സംവിധാനത്തിന്റെ ഭാഗമാകും.
Related News