റിയാദ്: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ വ്യോമയാന ജനറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിലെ യാത്രാ ടെര്‍മിനല്‍ 4-ല്‍ അജ്ഞാത മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി യെമനിലെ സഖ്യസേന അറിയിച്ചു. വിമാനത്താവളത്തിന് സമീപം വെച്ച് ഒരു ക്രൂയിസ് മിസൈല്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തെങ്കിലും ടെര്‍മിനലില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. അഞ്ച് ദിവസത്തിനിടെ റിയാദ് വിമാനത്താവളത്തിന് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.
ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ശനിയാഴ്ച നടന്ന മറ്റൊരു മിസൈല്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണങ്ങളില്‍ സൗദിയിലെ സിവില്‍ വ്യോമയാന കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഞായറാഴ്ച സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്.
Related News