ഹൈദരാബാദ്: യാത്രക്കാരന്റെ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയാണ് സംഭവം. കരുതല്‍ നടപടികളുടെ ഭാഗമായി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി വിമാനം ഇറക്കി.
യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക വിവരങ്ങള്‍. അന്വേഷണം തുടരുകയാണ്. തീ പടര്‍ന്നതോടെ വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍ ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കിയതായി ഇന്‍ഡിഗോ വക്താവ് അറിയിച്ചു.
ജീവനക്കാര്‍ അഗ്‌നിശമന ഉപകരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. എ്ന്നാല്‍ പുക ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചാണ് പൈലറ്റുമാര്‍ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടത്.
ഒരു ഭാഗത്തുനിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടായതായി വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ വിവരിച്ചു. തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിരുന്നില്ലെന്നും ജീവനക്കാര്‍ സാഹചര്യം നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും യാത്രക്കാരന്‍ പറഞ്ഞു.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ചെന്നൈയിലെത്തിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്നതും തുടര്‍വിവരങ്ങള്‍ കൈമാറുന്നതും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഒരുക്കിയതായി കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും കമ്പനി അറിയിച്ചു.
ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ അമിതമായി ചൂടാകുകയോ ചെയ്താല്‍ തീപിടിത്തത്തിനും പുക ഉയരുന്നതിനും സാധ്യതയുണ്ട്.
Related News