റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മിലിഷ്യ നടത്തിയ ആക്രമണം സൗദി അറേബ്യക്കെതിരെയുള്ള അക്രമപരമ്പരകളെ കൂടുതല്‍ അപകടകരമായ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ലക്ഷ്യമിട്ടതിലൂടെ ഉംറ തീര്‍ത്ഥാടകരും കുടുംബങ്ങളും സാധാരണ യാത്രക്കാരും വലിയ ഭീഷണിയിലാണ്. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ധാക്കയിലെ കെരാനിഗഞ്ചിലുള്ള ജാമിയ അറബിയ റബീഉല്‍ ഉലൂം മദ്രസയില്‍ നിന്ന് ഉംറ നിര്‍വഹിക്കാനായി എത്തിയ 45 അംഗ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മക്കയിലേക്ക് പോകുന്നതിനായി ബോര്‍ഡിംഗ് പാസുകള്‍ക്കായി കാത്തുനില്‍ക്കവെയാണ് അപ്രതീക്ഷിതമായി മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ സംഘത്തിലെ മുഫ്തി നസ്രുള്ള ബദ്‌റുപൂരിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ ആക്രമണത്തിനു ശേഷം കാണാതാവുകയും പിന്നീട് മരിച്ചതായി കണ്ടെത്തുകയായിരുന്നുലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൗലാനാ സഈദ് എന്നയാളുടെ കാല്‍ വേര്‍പെട്ടു. പരിക്കേറ്റവരെല്ലാം ആശുപത്രികളില്‍ ചികിത്സയിലാണ്.
മക്ക, മദീന നഗരങ്ങളെ ലക്ഷ്യമിട്ട് മുന്‍പ് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇസ്ലാമിലെ വിശുദ്ധ നഗരങ്ങളെയും തീര്‍ത്ഥാടകരെയും അവര്‍ക്ക് സേവനമൊരുക്കുന്ന സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും അപകടത്തിലാക്കുന്ന ഹൂതികളുടെ തുടര്‍ച്ചയായ അക്രമശൈലി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളില്‍, വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്ന ഉംറ തീര്‍ത്ഥാടകരെ കാണാം. പ്രാര്‍ത്ഥനകള്‍ക്കും ഇരുഹറം സന്ദര്‍ശനത്തിനുമായി എത്തുന്ന നിരപരാധികളായ യാത്രക്കാര്‍ നേരിടുന്ന സുരക്ഷാ ഭീഷണിയാണ് ഇത് വ്യക്തമാക്കുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ക്ക് സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വെറുമൊരു ഗതാഗത കേന്ദ്രങ്ങള്‍ മാത്രമല്ല, മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രധാന പ്രവേശന കവാടങ്ങള്‍ കൂടിയാണ്. അതിനാല്‍ തന്നെ ഇത്തരമൊരു കേന്ദ്രത്തിന് നേരെയുണ്ടാകുന്ന ആക്രമണം വ്യോമഗതാഗതം തടസ്സപ്പെടുത്തുന്നതിനപ്പുറം തീര്‍ത്ഥാടകരുടെയും സാധാരണക്കാരുടെയും ജീവന് ഭീഷണിയുയര്‍ത്തുകയും ഭക്തിനിര്‍ഭരമായ യാത്രകളുടെ സുരക്ഷിതത്വം ഇല്ലാതാക്കുകയും ചെയ്യുന്നു.
മക്കയ്ക്കും മദീനയ്ക്കും നേരെ മുന്‍പും ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഹൂതികള്‍, മതാധിഷ്ഠിത ന്യായീകരണങ്ങള്‍ ഉന്നയിക്കുന്നതിലെ വൈരുദ്ധ്യം ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും പരമോന്നത പ്രാധാന്യം നല്‍കുന്ന ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന സിവിലിയന്‍ വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
യെനിലെ യുദ്ധഭൂമിയില്‍ കടുത്ത സൈനിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഹൂതികളുടെ ഈ പുതിയ നീക്കം. തിരിച്ചടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനും ശക്തി തെളിയിക്കാനുമാണ് അവര്‍ സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് എന്ന ആശങ്ക ശക്തമാണ്. സൈനിക ശക്തികളോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം, സ്ത്രീകളും കുട്ടികളും തീര്‍ത്ഥാടകരും അടങ്ങുന്ന യാത്രക്കാരെ അപകടത്തിലാക്കുന്ന തരത്തില്‍ വിമാനത്താവളങ്ങളെയും മറ്റ് സിവിലിയന്‍ സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് തുടരുകയാണ്. സിവിലിയന്മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ബോധപൂര്‍വം ആക്രമിക്കുന്നത് വിലക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കുള്ള ഗുരുതരമായ വെല്ലുവിളി കൂടിയാണ് ഇത്തരം നടപടികള്‍.
ഇരുഹറമുകളുടെയും പരിപാലകര്‍ എന്ന നിലയില്‍, ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം നല്‍കുക എന്നത് സൗദി അറേബ്യയുടെ ചരിത്രപരമായ ഉത്തരവാദിത്തമാണ്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും സമാധാനത്തോടെ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ആവശ്യമായ വിമാനത്താവള സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് സൗദി ഒരുക്കിയിട്ടുള്ളത്. ഇത്തരം കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് മേഖലാ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
Related News