സുപ്രീംകോടതി ഇടപെട്ടിട്ടും
ഡല്‍ഹിയില്‍ നിയന്ത്രണം തുടരുന്നു,
മെട്രോ സ്‌റ്റേഷനുകള്‍ വൈകിട്ട് വരെ അടച്ചു മാധ്യമപ്രവര്‍ത്തകരെയും
കസ്റ്റഡിയിലെടുത്തതായി പരാതി
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡല്‍ഹിയില്‍ പടരുന്നു. ജന്തര്‍ മന്തറിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതോടെ കൊണാട്ട് പ്ലേസ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഇന്ത്യാ സഖ്യം സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക് ഉള്‍പ്പെടെ ആറു മെട്രോ സ്‌റ്റേഷനുകളില്‍ പ്രവേശനവും പുറത്തേക്കുള്ള യാത്രയും താല്‍ക്കാലികമായി തടഞ്ഞു. മാര്‍ച്ചിനെത്തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ വ്യാപകമായി ആളുകളെ കസ്റ്റഡിയിലെടുത്തതും മെട്രോ, റെയില്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതും വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നിയമാനുസൃത നടപടിക്രമങ്ങളില്ലാതെ കസ്റ്റഡിയിലെടുക്കരുതെന്നും മെട്രോ, റെയില്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും അവരുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ തടസ്സമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ഞായറാഴ്ച പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഹിന്ദി വിഭാഗത്തിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മുക്കാല്‍ മണിക്കൂറോളം തടഞ്ഞുവെച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും നടപടി നേരിടേണ്ടിവന്നുവെന്നാണ് പരാതി.
ഒക്ടോബര്‍ 10ലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകളെ തടഞ്ഞതും കസ്റ്റഡിയിലെടുത്തതും പ്രതിഷേധത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ കാരണമായി. സി.ജെ.പി. നേതാവ് അശുതോഷ് റങ്കയും മറ്റു നേതാക്കളും ഇന്ന് രാവിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ തീയതി ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം തീയതി അനുവദിച്ചില്ലെങ്കില്‍ പുതിയ പ്രതിഷേധപരിപാടി പ്രഖ്യാപിക്കുമെന്നാണ് അവരുടെ നിലപാട്.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ ഇന്ന് പ്രത്യേക പ്രമേയം അവതരിപ്പിക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍.) ബന്ധപ്പെട്ട പരാതികളും അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്ന ആരോപണങ്ങളും ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്‍.ഡി.എഫ്. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Related News