മസ്‌ക്കത്ത്: വ്യവസായ രംഗത്ത് ആഗോള നിക്ഷേപം ആകര്‍ഷിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതില്‍ ആകര്‍ഷകമായുള്ളത് ഗോള്‍ഡന്‍ വിസയാണ്. ഇതിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 31ന് നടത്തും.
ഡിജിറ്റല്‍, വിദ്യാഭ്യാസം, കെട്ടിട നിര്‍മാണം തുടങ്ങിയ രംഗങ്ങളില്‍ പ്രത്യേകമായ നിക്ഷേപ പദ്ധതികള്‍ക്കാണ് ഒമാന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. വിദേശ യൂണിവേഴ്‌സിറ്റികളുമായുള്ള സഹകരണം, സ്വദേശി നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിക്കല്‍, ദുബായ് മോഡലില്‍ വിദേശ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനികളായ ബിസിനസുകാര്‍ക്ക് രാജ്യത്തും വിദേശത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ വൈകാതെ തയ്യാറാക്കും. പദ്ധതിയുടെ പ്രഖ്യാപനം ഓഗസ്റ്റ് 31 ന് നടത്തും. ഏതെല്ലാം മേഖലകളിലെ നിക്ഷേപകര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുകയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ബാങ്കിംഗ് മേഖലയിലെ ഡിജിറ്റല്‍ ടെക്നോളജി വികസനത്തിന് വിദേശ സാങ്കേതിക വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കും പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് സൂചന. ദീര്‍ഘകാലത്തേക്കുള്ള വികസനം മുന്നില്‍ കണ്ടാണ് ഒമാന്‍ സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിക്കുന്നത്.
പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തില്‍ വിദ്യാഭ്യാസ രംഗത്തും നിര്‍മാണ മേഖലയിലും പുതിയ പദ്ധതികള്‍ ഉണ്ടാകും. ജര്‍മന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും ഒമാന്‍ സുല്‍ത്താല്‍ ഖാബൂസ് യൂണിവേഴ്സിറ്റിയും ചേര്‍ന്നുള്ള വിദ്യാഭ്യാസ പദ്ധതിക്ക് കരാറുണ്ടാക്കിയതായും ഒമാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
Related News