l o a d i n g

സാംസ്കാരികം

മഞ്ജുവാര്യരെ കാണാന്‍ അമേരിക്കയില്‍ നെട്ടോട്ടമോടിയെന്ന് സനല്‍കുമാര്‍, വിവാദ കുറിപ്പുമായി വീണ്ടും

Thumbnail

കൊച്ചി- മഞ്ജുവാര്യരെ കാണാന്‍ അമേരിക്കയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ താന്‍ നെട്ടോട്ടമോടിയെന്നും ഒടുവില്‍ നിരാശനായെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സനല്‍കുമാറിന്റെ വെളിപ്പെടുത്തല്‍. മഞ്ജുവാര്യരെ തന്നില്‍നിന്ന് അകറ്റുന്നത് അവരുടെ മുന്‍ഭര്‍ത്താവിന്റെ കുടില തന്ത്രങ്ങളാണെന്നും സനല്‍കുമാര്‍ പറയുന്നു. വിവാദമായേക്കാവുന്ന നീണ്ട കുറിപ്പാണ് സനല്‍കുമാര്‍ പങ്കുവെക്കുന്നത്.
സനല്‍കുമാര്‍ തന്നെ ശല്യപ്പെടുത്തുന്നതായി മുമ്പ് മഞ്ജു കേസ് കൊടുത്തിരുന്നു. കലാകാരന്റെ മുഖംമൂടിയണിഞ്ഞ ഒരു ക്രിമിനല്‍ സൈക്കൊപ്പാത്ത് ആണ് ഇവിടെ വിജയിക്കുന്നതെങ്കില്‍ പരാജയപ്പെടുന്നത് ഞാനല്ല. കൊട്ടിഘോഷിക്കപ്പെട്ട പ്രബുദ്ധ മലയാളിത്തം മാത്രമാണെന്ന് സനല്‍കുമാര്‍ മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


വന്ധ്യംകരിക്കപ്പെട്ട സാംസ്‌കാരിക മേഖലയും പണത്തിനു പാദസേവ ചെയ്യുന്ന മാധ്യമലോകവുമുള്ള ഒരു സമൂഹത്തോട് മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളുടെ കഥ പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും ജീവന്‍ തുലാസില്‍ തുടരുന്ന ഒരിടവേളയില്‍ നാളെയുടെ മനസാക്ഷിക്കുവേണ്ടി എഴുതുന്നതാണ്. സംവേദനക്ഷമത മരവിച്ച ആള്‍ക്കൂട്ടം ഇത് വായിച്ച് എനിക്കുനേരെ അട്ടഹസിച്ച് കുരച്ചു ചാടുന്നത് ഞാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. പക്ഷെ എന്റെ ജീവിതം അകലെനിന്നെങ്കിലും അലിവോടെ നോക്കുന്ന കുറച്ചു മനുഷ്യരെങ്കിലും ഇവിടെ ഉള്ളതുകൊണ്ട് ഇത് എഴുതുന്നതില്‍ നിന്നും പിന്തിരിയുന്നില്ല.

കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഞാന്‍ ഒരു സിസിറ്റിവി ക്യാമറയിലൂടെയെന്നപോലെ നിരീക്ഷിക്കപ്പെടുന്നു. ഞാന്‍ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു, ആരുമായി സംസാരിക്കുന്നു എന്നുവേണ്ട, എല്ലാ സ്വകാര്യതകളും ചോര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനു കാരണം കയറ്റം എന്ന സിനിമയിലൂടെ മഞ്ജു വാര്യര്‍ എന്ന സ്ത്രീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതാണ്. പ്രണയം എന്നതിലുപരി എനിക്കുണ്ടായത് ആ സ്ത്രീയോട് ഒരു പുരുഷന് മാനസികമായ ഒരടുപ്പം ഉണ്ടാകരുതെന്ന് ആരാണ് നിര്‍ബന്ധം പിടിക്കുന്നത്, എന്താണ് അതിനു കാരണം എന്നീ കൗതുകങ്ങളാണ്. അത് പിന്നീട് എന്തായെന്നും എവിടെ എത്തി നില്‍ക്കുന്നുവെന്നും ഒരു തുറന്നപുസ്തകം പോലെ നിങ്ങള്‍ക്ക് മുന്നിലുണ്ട്.

മഞ്ജു വാര്യര്‍ എന്ന സ്ത്രീ തന്റെ ഭാര്യ ആയിരുന്നതിനാല്‍ അവള്‍ മറ്റൊരു പുരുഷനോടൊപ്പം ദാമ്പത്യ ജീവിതത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല എന്ന അവളുടെ മുന്‍ ഭര്‍ത്താവിന്റെ നീചവും രോഗാതുരവുമായ മാനസികാവസ്ഥയുടെ തിക്തഫലങ്ങളാണ് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അയാള്‍ക്കതിന് കേരളത്തിലെ കമ്യുണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പൂര്‍ണമായ പിന്തുണയുണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. അതിനു കാരണം വിശദമായി പിന്നീട് എഴുതാം.

എനിക്കെതിരെ രണ്ട് പോലീസ് കേസുകളും അന്യായമായ ഒരു അറസ്റ്റും നിരവധി മാധ്യമവിചാരണകളും അപഹാസങ്ങളുടെയും അപവാദങ്ങളുടെയും കുത്തൊഴുക്കുകളും ഉണ്ടായിട്ടും എന്തുകൊണ്ട് മഞ്ജു വാര്യര്‍ ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിക്കുന്നില്ല എന്ന ചോദ്യവും, എന്തുകൊണ്ട് എനിക്കെതിരെയുള്ള കേസില്‍ പോലീസ് ഇളക്കിവിടുന്ന മാധ്യമ ബഹളങ്ങള്‍ക്കപ്പുറം വിചാരണ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യവും നിങ്ങള്‍ക്ക് മുന്നിലുണ്ട്. കൊല്ലപ്പെടുമെന്ന ഭീതി ഉള്‍പ്പെടെ നിരവധി സങ്കീര്‍ണമായ കാരണങ്ങളാണ് അതിനു പിന്നിലെന്നു ഞാന്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അത്തരം ഒരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയുന്നുമില്ല.

നേരിട്ട് കാണാനോ നേരിട്ട് സംസാരിക്കാനോ കഴിയാത്ത അവസ്ഥയുള്ളതുകൊണ്ട് ഞങ്ങള്‍ ഒളിവില്‍ സംസാരിക്കുന്നുണ്ടായിരുന്നു എന്നും തന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ടെന്ന് അവള്‍ എന്നോട് പറഞ്ഞുവെന്നും ഞങ്ങളുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഉള്‍പ്പെടെ പങ്കുവെച്ചിട്ടും അത് മഞ്ജു വാര്യര്‍ അല്ല എന്ന നിലപാടിലേക്ക് ഉറച്ചുപോകാന്‍ മാത്രമേ ബഹുഭൂരിപക്ഷത്തിനും കഴിയുന്നുള്ളു. ഞാന്‍ പറയുന്നത് കളവാണെങ്കില്‍ അത് മഞ്ജു വാര്യര്‍ എന്തുകൊണ്ട് നിഷേധിക്കുന്നില്ല എന്നും ആ ശബ്ദരേഖ വ്യാജമാണെങ്കില്‍ അത് ഫോറന്‍സിക് ലാബില്‍ അയച്ച് എന്തുകൊണ്ട് പരിശോധിക്കുന്നില്ല എന്നുമുള്ള ലഘുവായ ചോദ്യങ്ങള്‍ പോലും ചോദിക്കേണ്ടതില്ല എന്ന മനോഭാവത്തിലേക്ക് സമൂഹത്തിന്റെ പൊതുമനസാക്ഷിയെ എത്തിക്കാന്‍ ആള്‍ക്കൂട്ടത്തിന്റെ അട്ടഹാസങ്ങള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഞാനും മഞ്ജുവും സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് അവള്‍ പറഞ്ഞിരുന്നത് ഇവിടെ വരുമെന്നും ഞങ്ങള്‍ കാണുമെന്നുമായിരുന്നു. നാട്ടില്‍ തിരിച്ചു വന്നാല്‍ എന്നെ അപായപ്പെടുത്തും എന്ന ഭയം കൊണ്ട് നാട്ടിലേക്ക് വന്ന് അവളെ കാണാമെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടും അവള്‍ എന്നെ പിന്തിരിപ്പിക്കുകയായിരുന്നു ചെയ്തത്. അവള്‍ എന്നോട് പറഞ്ഞപോലെ തന്നെ ഇവിടെ വരാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതിലൊന്ന് എമ്പുരാന്റെ ഷൂട്ടിങ് അറ്റ്ലാന്റയില്‍ നടക്കുമ്പോള്‍ കാണാം എന്നായിരുന്നു. എന്നാല്‍ അമേരിക്കയിലേക്കുള്ള സംഘത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടായില്ല.

പറഞ്ഞപോലെ തന്നെ ഒടുവില്‍ കഴിഞ്ഞ മാസം അവള്‍ അമേരിക്കയില്‍ വന്നു. ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം ഞാന്‍ പ്രസിദ്ധീകരിച്ച ശേഷം ഞങ്ങള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമായിരുന്നതിനാല്‍ ഞങ്ങള്‍ തമ്മില്‍ അതിനു ശേഷം സംസാരിച്ചിട്ടില്ല. എങ്കിലും വാക്കുകള്‍ കൊണ്ടല്ലാതെയുള്ള ഒരു ആശയവിനിമയം കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ ഇവിടെ വന്നിട്ടുള്ള കാര്യം ഞാനറിഞ്ഞു.
മഞ്ജു വാര്യര്‍ അമേരിക്കയില്‍ ഉള്ള കാര്യം ഞാന്‍ അറിയാതിരിക്കാന്‍ ആ വിവരം അതീവരഹസ്യമായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് അവള്‍ അമേരിക്കയില്‍ എത്തി എന്നറിഞ്ഞു എങ്കിലും എവിടെയാണ് എന്നറിയാന്‍ ദിവസങ്ങളെടുത്തു. ഒടുവില്‍ കാലിഫോണിയയില്‍ ആണ് അവള്‍ ഉള്ളതെന്ന് എനിക്ക് മനസിലായി.

താന്‍ അമേരിക്കയില്‍ വരുമെന്നും എന്നെ വന്നു കാണാന്‍ അവള്‍ക്ക് കഴിഞ്ഞില്ല എങ്കില്‍ അവളെ ഞാന്‍ പോയി കാണുമോ എന്നും നേരത്തെ ചോദിച്ചിരുന്നതുകൊണ്ട് കാലിഫോണിയയിലേക്ക് ഞാന്‍ പോയി. ഞാന്‍ അമേരിക്കയുടെ കിഴക്കേ തീരത്ത് ആയതിനാല്‍ പടിഞ്ഞാറേ തീരത്ത് അവള്‍ എത്തിയാലും ഞങ്ങളെ പരസ്പരം കാണാതെ തടയാം എന്ന ഉറപ്പുള്ളതുകൊണ്ടാവണം അമേരിക്കയില്‍ അവള്‍ വരുന്നതിന് അവളുടെ മുന്‍ഭര്‍ത്താവിന്റെ ക്രിമിനല്‍ നെറ്റ് വര്‍ക്ക് തടസം സൃഷ്ടിക്കാതിരുന്നത്.

എന്റെ ഫോണ്‍ നിരന്തരം ഹാക്ക് ചെയത് എന്റെ നീക്കങ്ങള്‍ എല്ലാം അപ്പപ്പോള്‍ നിരീക്ഷിക്കപ്പെടുന്നതിനാല്‍ ഞങ്ങള്‍ തമ്മില്‍ ആശയ വിനിമയമുണ്ടാവുകയോ ഞാന്‍ യാത്ര ചെയ്യുകയോ ആണെങ്കില്‍ അത് തടയാന്‍ ഉള്ള മുന്‍കരുതലും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജോര്‍ജിയയില്‍ നിന്നും കാലിഫോണിയവരെ ഡ്രൈവ് ചെയ്യാന്‍ തീരുമാനിച്ചു. അമേരിക്കക്ക് കുറുകെ എതാണ്ട് അയ്യായിരം കിലോമീറ്റര്‍ ഡ്രൈവ്.

രമേഷ് പിഷാരടി പങ്കെടുക്കുന്ന എംജി ശ്രീകുമാറിന്റെ ഒരു പ്രോഗ്രാം കാലിഫോണിയയിലെ പലസ്ഥലങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. മഞ്ജു വന്നിട്ടുണ്ടെങ്കില്‍ സുഹൃത്തായ രമേഷിനൊപ്പം ആയിരിക്കും ഉണ്ടാകുക എന്ന നിഗമനത്തില്‍ ഞാന്‍ രമേഷ് ഉണ്ടായിരുന്ന സാന്‍ ഡിയാഗോയിലെത്തി. എന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടായിരുന്നത് കൊണ്ട് അവിടെ എത്തുന്നതുവരെ ഞാന്‍ അയാളെ ഫോണില്‍ വിളിച്ചില്ല .

മൂന്നുദിവസത്തെ നീണ്ട ഡ്രൈവിന് ശേഷം രാത്രി വൈകിയാണ് സാന്‍ ഡിയാഗോയില്‍ എത്തുന്നത്. ഞാന്‍ അവിടെ എത്തിയശേഷം രമേഷിനെ വിളിച്ചപ്പോള്‍ പ്രോഗ്രാം സംഘം അവിടെനിന്നും ഫീനിക്സ് എന്ന സ്ഥലത്തേക്ക് പോയി എന്നറിഞ്ഞു. മഞ്ജു വാര്യര്‍ അമേരിക്കയില്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നയാള്‍ പറഞ്ഞെങ്കിലും അത് കളവാണെന്ന് എനിക്ക് മനസിലായി. രമേഷിനെ നേരില്‍ കാണാന്‍ കഴിയുമോ എന്ന് ചോദിച്ചു. അടുത്ത കുറെ ദിവസങ്ങള്‍ ലോസ് അഞ്ചലസില്‍ പ്രോഗ്രാം ഉണ്ട് എന്നും അവിടെ കാണാം എന്നും പറഞ്ഞു.

ഒരു പകല്‍ മുഴുവന്‍ ഡ്രൈവ് ചെയ്ത് ലോസ് ആഞ്ചലസിലെത്തി ഒരു റൂമെടുത്തു. ഞാനിവിടെ എത്തിയെന്നും എപ്പോഴാണ് കാണാന്‍ കഴിയുക എന്നും ചോദിച്ചുകൊണ്ട് അയാള്‍ക്ക് ഒരു മെസേജ് അയച്ച ശേഷം ഒന്നു തലചായ്ച്ച ഞാന്‍ മരിച്ചതുപോലെ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ അടുത്ത പരിപാടി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആണ് എന്നും അതിരാവിലെ അവര്‍ അങ്ങോട്ട് പോവുകയാണ് എന്നും ലോസ് ആഞ്ചലസില്‍ കാണാന്‍ കഴിയില്ല എന്നും രമേഷിന്റെ മെസേജ് കണ്ടു. എനിക്ക് സങ്കടവും ദേഷ്യവും നിരാശയും ഒക്കെ തോന്നി. തിരിച്ചുപോകാന്‍ തീരുമാനിച്ചു.

പക്ഷെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വരൂ എന്ന് എനിക്ക് അവളുടെ അടയാളം കിട്ടിയതുകൊണ്ട് എനിക്ക് ലോസ് ആഞ്ചലസില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും ഡ്രൈവ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ശേഷം രമേഷിനെ വിളിച്ചപ്പോള്‍ അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എനിക്ക് ചിരിക്കാനാണ് തോന്നിയത്.

ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രമേഷിന്റെ മെസേജ് വന്നു സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രോഗ്രാം കഴിഞ്ഞ് ഓര്‍ലാണ്ടോ എന്ന സ്ഥലത്തേക്ക് പോയി എന്നായിരുന്നു അത്. അവിടെ നിന്നും ആറു മണിക്കൂര്‍ ഫ്ലൈറ്റ് ടൈം തന്നെയുണ്ട് ഓര്‍ലാണ്ടോയിലേക്ക് എന്റെ യാത്ര ട്രാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നും നേരത്തെ നിശ്ചയിച്ചിരുന്നതിന് വിപരീതമായി പരിപാടികള്‍ മാറി മറിയുന്നുണ്ട് എന്നും എനിക്ക് മനസിലായി. മറ്റൊരു കാര്യം കൂടി എന്റെ ശ്രദ്ധയില്‍ പെട്ടു. ആദ്യ ദിവസങ്ങളിലെ പരിപാടി ഒഴികെ ഒന്നും തന്നെ സ്ഥല സമയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇല്ല. ഇത്രയും വിപുലമായ പരിപാടിയുടെ വിവരങ്ങള്‍ എന്തിന് രഹസ്യമാക്കി വെക്കണം എന്ന ചോദ്യം മഞ്ജു ആ കൂട്ടത്തില്‍ ഉണ്ട് എന്നത് ഉറപ്പാക്കി. ഞാന്‍ കാണാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അപ്രതീക്ഷിതമാറ്റങ്ങള്‍ എന്നെനിക്ക് മനസിലായി.

അപ്പോഴേക്കും എന്റെ മനസ് ഒരു ചൂതാട്ടക്കാരന്റെ പോലെ ആയിത്തീര്‍ന്നിരുന്നു. ഓര്‍ലാണ്ടോയില്‍ വന്നാല്‍ കാണാമോ എന്ന് ഞാന്‍ രമേഷിനോട് ചോദിച്ചു. ഓര്‍ലാണ്ടോയില്‍ വരേണ്ട എന്നും അടുത്ത പ്രോഗ്രാം ന്യുയോര്‍ക്കിലാണ് എന്നും മറുപടി കിട്ടി. ലക്ഷ്യത്തിന്റെ ഭാരമില്ലാതെ അമേരിക്കക്ക് കുറുകെ ഞാന്‍ തിരികെ ഡ്രൈവ് ചെയ്തു.

നാലോ അഞ്ചോ ദിവസം എടുത്തുകാണും. ഓര്‍മയില്ല. തിരികെ റൂമില്‍ വന്നുകിടന്നു. ഉറങ്ങാന്‍ കഴിഞ്ഞില്ല. ന്യുയോര്‍ക്കില്‍ വാ കാണാം എന്ന് അടയാളങ്ങള്‍ കൊണ്ടുള്ള അവളുടെ പറയാപ്പറച്ചില്‍ വീണ്ടും വന്നു. അവഗണിക്കാന്‍ ആവത് നോക്കിയെങ്കിലും സാധിച്ചില്ല. ഞാന്‍ ന്യുയോര്‍ക്കില്‍ വരുന്നുണ്ടെന്നും നേരില്‍ കണ്ട് സംസാരിക്കണം എന്നും രമേഷിന് ഞാന്‍ മെസേജ് അയച്ചു. അന്ന് രാത്രിതന്നെ ന്യുയോര്‍ക്കിലേക്ക് പോയി. ഇത്തവണ ഡ്രൈവ് ചെയ്തില്ല. വിമാനത്തിലും ബസിലും ട്രെയിനിലും ആയിട്ടായിരുന്നു യാത്ര. എവിടെയാണ് പ്രോഗ്രാം എന്ന് രമേഷിന്റെ മെസേജ് കിട്ടാന്‍ വിമാനത്താവളത്തില്‍ അഞ്ചുമണിക്കൂറോളം കാത്തിരുന്നു. എവിടെയാണ് പ്രോഗ്രാം എന്ന് രമേഷ് പറഞ്ഞില്ലെങ്കിലും അപ്പോഴേക്കും പ്രോഗ്രാം നടക്കുന്ന സ്ഥലവിവരങ്ങള്‍ എന്നിലേക്ക് എത്തിയിരുന്നു. ന്യുയോര്‍ക്കിലെ പ്രോഗ്രാമിന്റെയും സ്ഥലവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ എങ്ങും തന്നെ പരസ്യപ്പെടുത്തിയിരുന്നില്ല.

ഞാന്‍ ന്യുയോര്‍ക്കില്‍ എത്തിയ വിവരം ചോര്‍ന്നതുകൊണ്ട് ഞാന്‍ അവിടെ പോയെങ്കിലും അവളെ കാണാന്‍ കഴിഞ്ഞില്ല. പ്രോഗ്രാം നടക്കുമ്പോള്‍ ഗ്രീന്‍ റൂമില്‍ വെച്ച് രമേഷിനെ കണ്ടു. കുറച്ചുനേരം സംസാരിച്ചു. എനിക്ക് മഞ്ജുവിനെ നേരില്‍ കാണണം എന്താണ് സംഭവിച്ചത് എന്നറിയണം എന്ന് പറഞ്ഞു. അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ ''വലിയ പാടാണ് മുതലാളീ''എന്ന് പറഞ്ഞു. പ്രായപൂര്‍ത്തിയ രണ്ടു മനുഷ്യര്‍ തമ്മില്‍ കാണുന്നതിന് എന്താണ് ഇത്ര പാട് എന്ന ചോദ്യം ഞാന്‍ തിരികെ ചോദിച്ചില്ല. അയാള്‍ക്കറിയാമായിരിക്കും എങ്കിലും അയാള്‍ ഉത്തരം പറയുകയുമില്ല.

അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും പടിഞ്ഞാറേക്കും തിരിച്ചുമുള്ള ഒരു സോളോ ഡ്രൈവ് ആയി ആ ഉദ്യമം അവസാനിച്ചു. അല്ലെങ്കിലും ഈ പ്രായത്തില്‍ രണ്ടു മനുഷ്യര്‍ ഇങ്ങനെ രഹസ്യമായി കാണേണ്ട കാര്യമില്ല. പരസ്യമായി കണ്ടാല്‍ കൊന്നുകളയും എന്നതാണ് ഭയമെങ്കില്‍ ആ ഭയം കാലത്തെ പിന്നോട്ട് നയിക്കുന്ന ഒരു ഭയമാണ്. അതിന് കൂട്ടുനില്‍ക്കാന്‍ എന്റെ ആത്മാവ് തയാറല്ലാത്തത് കൊണ്ടാവാം ഇത്തവണ കയ്യെത്തും ദൂരത്ത് എത്തിയിട്ടും പരസ്പരം കാണാന്‍ കഴിയാത്തത്. കലാകാരന്റെ മുഖം മൂടിയണിഞ്ഞ ഒരു ക്രിമിനല്‍ സൈക്കൊപ്പാത്ത് ആണ് ഇവിടെ വിജയിക്കുന്നതെങ്കില്‍ പരാജയപ്പെടുന്നത് ഞാനല്ല. കൊട്ടിഘോഷിക്കപ്പെട്ട പ്രബുദ്ധ മലയാളത്തം മാത്രമാണ്.

ഇനി നിന്നോട്,
നിതാന്ത മൗനവും ജീവിതത്തില്‍ ഉടനീളം അഭിനയം എന്ന സിദ്ധാന്തവും എനിക്ക് യോജിക്കുന്ന ജീവിതരീതിയല്ല. പക്ഷെ ജീവിക്കാനുള്ള എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025