കൊച്ചി: വേദാന്ത പവര് ലിമിറ്റഡ് 2027 സാമ്പത്തിക വര്ഷത്തിന്റെ രണ്ടാം പാദത്തില് റെക്കോര്ഡ് വൈദ്യുതി വില്പ്പനയായ 5,593 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. മുന്വര്ഷത്തെ ഇതേ കാലയളവിലെ വില്പ്പനയുമായി താരതമ്യം ചെയ്യുമ്പോള് 26 ശതമാനമാണ് വളര്ച്ച. ആദ്യ പകുതിയിലെ വില്പ്പന 10,817 ദശലക്ഷം യൂണിറ്റിലെത്തിയതോടെ വളര്ച്ച 32 ശതമാനമായി. വേദാന്ത പവറിന്റെ വൈദ്യുതി ഉല്പ്പാദന പോര്ട്ട്ഫോളിയോയുടെ ഭാഗമായ മീനാക്ഷി എനര്ജി, ജാര്സുഗുഡ താപവൈദ്യുതി നിലയം, തല്വണ്ഡി സാബോ താപവൈദ്യുതി നിലയം എന്നീ പ്ലാന്റുകളുടെ മെച്ചപ്പെട്ട പ്രവര്ത്തനവും ഉല്പ്പാദനശേഷിയുടെ ഫലപ്രദമായ വിനിയോഗവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണങ്ങള്.
മീനാക്ഷി എനര്ജിയുടെ രണ്ടാം പാദ വില്പ്പന 111 ശതമാനം വര്ധിച്ച് 1,470 ദശലക്ഷം യൂണിറ്റിലെത്തി. ആദ്യ പകുതിയില് 160 ശതമാനം വളര്ച്ചയോടെ 2,820 ദശലക്ഷം യൂണിറ്റാണ് വില്പ്പന. ജാര്സുഗുഡ താപവൈദ്യുതി നിലയത്തിന്റെ രണ്ടാം പാദ വില്പ്പന 186 ശതമാനം ഉയര്ന്ന് 873 ദശലക്ഷം യൂണിറ്റായി. പ്ലാന്റിന്റെ പ്രവര്ത്തന ലഭ്യത മുന്വര്ഷത്തെ 43 ശതമാനത്തില്നിന്ന് 98 ശതമാനമായി ഉയര്ന്നതും നേട്ടമായി. തല്വണ്ഡി സാബോ താപവൈദ്യുതി നിലയം രണ്ടാം പാദത്തില് 2,945 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റഴിച്ചു; മുന്വര്ഷത്തേക്കാള് ആറു ശതമാനം വര്ധനയാണിത്. ആദ്യ പകുതിയിലെ വില്പ്പന 5,668 ദശലക്ഷം യൂണിറ്റാണ്. ഈ കാലയളവില് പ്ലാന്റ് 86 ശതമാനം പ്രവര്ത്തന ലഭ്യത കൈവരിച്ചു. പഞ്ചാബ് സര്ക്കാരുമായുള്ള വൈദ്യുതി വാങ്ങല് കരാറിലെ 80 ശതമാനം മാനദണ്ഡത്തേക്കാള് ഉയര്ന്നതാണിത്. വിവിധ ഉല്പ്പാദന കേന്ദ്രങ്ങളിലെ മെച്ചപ്പെട്ട പ്രകടനവും പ്രവര്ത്തന ലഭ്യതയിലെ വര്ധനയും കമ്പനിയുടെ റെക്കോര്ഡ് വില്പ്പനയ്ക്ക് കരുത്തേകിയെന്നും കമ്പനി അധികൃതര് അറിയിച്ചു.
Related News