ന്യൂഡല്ഹി: വിദേശ ഫണ്ടുകളാല് നിയന്ത്രിക്കപ്പെടുന്ന സംഘടനയാണ് കോക്രോച്ച് ജനതാ പാര്ട്ടി (സി.ജെ.പി.) എന്ന ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് സംഘടനാ അധ്യക്ഷന് അഭിജിത് ദീപ്കെ. അമേരിക്കയില്നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചത് അമേരിക്കന് ഗായിക മേരി മില്ബണാണ്. പ്രതികരണവുമായി പാര്ട്ടി സ്ഥാപകന് അഭിജിത് ദീപ്കെ രംഗത്തെത്തി. ഇന്ത്യക്കാരെ അപകീര്ത്തിപ്പെടുത്താന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കക്കാരുടെ പിന്തുണ തേടുന്നത് എന്തിനാണെന്ന് ദീപ്കെ സമൂഹമാധ്യമമായ എക്സിലെ കുറിപ്പില് ചോദിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടാന് വിദേശികള്ക്ക് എന്താണ് അധികാരമെന്നും സ്വന്തം പ്രശ്നങ്ങള് പരിഹരിക്കാന് ഇന്ത്യക്കാര്ക്ക് കഴിവുണ്ടെന്നും ദീപ്കെ വ്യക്തമാക്കി. രാജ്യത്തിന്റെ കാര്യങ്ങളില് പുറത്തുനിന്നുള്ളവരുടെ ഇടപെടല് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് സി.ജെ.പിക്കും ദീപ്കെയ്ക്കുമെതിരെ മില്ബന് ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ നിലപാടുകളെ എതിര്ക്കുന്ന അമേരിക്കന് ദാതാക്കളാണ് സംഘടനയ്ക്ക് പണം നല്കുന്നതെന്നായിരുന്നു അവരുടെ വാദം. ഇത്തരം ദാതാക്കള് വിവിധ രാജ്യങ്ങളില് യാഥാസ്ഥിതിക നേതാക്കളെ ലക്ഷ്യമിട്ട് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാന് ശ്രമിക്കുന്നുവെന്നും അവര് ആരോപിച്ചു. ഇന്ത്യയിലെ യുവാക്കള് സി.ജെ.പിയുടെ പ്രവര്ത്തനങ്ങള്ക്കെതിരെ സമാധാനപരമായി രംഗത്തിറങ്ങണമെന്നും മില്ബന് ആഹ്വാനം ചെയ്തു. ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാന് ഇത്തരം നീക്കങ്ങള്ക്കെതിരെ പ്രതിരോധം ആവശ്യമാണെന്നും അവര് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ കാര്യങ്ങളില് ഇടപെടേണ്ടതില്ലെന്ന ദീപ്കെയുടെ പരാമര്ശത്തോട് പരോക്ഷമായാണ് മില്ബെന് പ്രതകരിച്ചത്. അമേരിക്കയില് നിന്നുള്ള സാമ്പത്തിക പിന്തുണക്കാര് നിങ്ങള് പരാജയപ്പെടുന്നുവെന്ന് കാണുമ്പോള് കൈയൊഴിയുമെന്ന് അവര് മുന്നറിയിപ്പ് നല്കി. നിങ്ങള് ജയിക്കാന് പോകുന്നില്ല. അരാജകത്വം വിജയിക്കില്ല. പകരം നിങ്ങളുടെ അമേരിക്കന് വിദ്യാഭ്യാസവും കഴിവും നല്ല കാര്യങ്ങള്ക്ക് ഉപയോഗിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമിരുന്ന് ചര്ച്ച ചെയ്ത് നല്ല മാറ്റങ്ങള് കൊണ്ടുവരിക -അവര് ഉപദേശിച്ചു.
Related News