ജിദ്ദ: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന് ഇസ്ലാഹി സെന്റര് യാത്രയയപ്പ് നല്കി. സെന്ററിന്റെ മദ്രസ അസിസ്റ്റന്റ് കണ്വീനര്, നിച്ച് ഓഫ് ട്രൂത്ത് അംഗം എന്നീ നിലകളില് അദ്ദേഹം സജീവമായി പ്രവര്ത്തിച്ചിരുന്നു.
ജിദ്ദയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില് സജീവ സാന്നിധ്യമായിരുന്ന സലീം, ജിദ്ദയിലെ പ്രമുഖ പ്രവാസി സംഘടനയായ കെ.എം.സി.സി.യുടെയും പ്രവര്ത്തകനാണ്. മങ്കട മണ്ഡലം കെ.എം.സി.സി. വൈസ് പ്രസിഡന്റ്, കൂട്ടിലങ്ങാടി പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം, കൂട്ടിലങ്ങാടി ഉന്നതതല പ്രവാസി കൂട്ടായ്മ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്.
ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ സൗദി ഡയറി ആന്ഡ് ഫുഡ്സ്റ്റഫ്സ് കമ്പനി(സദഫ്കോ)യില് ഓഫീസ് ക്ലാര്ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച സലീം, ആത്മാര്ഥമായ പരിശ്രമത്തിലൂടെയും പ്രവര്ത്തനമികവിലൂടെയും ഉയര്ച്ചയുടെ പടവുകള് കയറി അസിസ്റ്റന്റ് പര്ച്ചേസ് മാനേജര് പദവിയില് നിന്നാണ് വിരമിച്ച് മടങ്ങുന്നത്.
യാത്രയയപ്പ് ചടങ്ങില് ഇസ്ലാഹി സെന്റര് എക്സിക്യൂട്ടീവ് അംഗങ്ങള് ആശംസകള് നേര്ന്നു സംസാരിച്ചു. മറുപടി പ്രസംഗത്തില്, ഇസ്ലാഹി സെന്ററിലൂടെയാണ് തനിക്ക് മതവിജ്ഞാനം കൂടുതല് ആര്ജിക്കാന് സാധിച്ചതെന്ന് സലീം അനുസ്മരിച്ചു. ഇരുഹറമുകളിലും ഇടയ്ക്കിടെ സന്ദര്ശനം നടത്താനും ജിദ്ദ പോലുള്ള അനുഗൃഹീതമായ നഗരത്തില് ജോലി ചെയ്യാനും അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാഹി സെന്റര് പ്രസിഡന്റ് അബ്ബാസ് ചെമ്പന് അധ്യക്ഷത വഹിച്ചു. സെന്റര് സെക്രട്ടറി നൂറിഷ വള്ളിക്കുന്ന് നന്ദി പറഞ്ഞു.
Related News