റിയാദ്: സൗദി അറേബ്യയിലെ നിലവിലെ പ്രത്യേക സാഹചര്യത്തില് ഇന്ത്യന് സമൂഹം പരിഭ്രാന്തരാകാതെ ഔദ്യോഗിക വിവരങ്ങളും നിര്ദേശങ്ങളും മാത്രം പിന്തുടരണമെന്ന് ഇന്ത്യന് അംബാസഡര് വിപുല് അഭ്യര്ഥിച്ചു. റിയാദിലെ ഇന്ത്യന് എംബസി കോണ്ഫറന്സ് ഹാളില് വിളിച്ചുചേര്ത്ത കമ്മ്യൂണിറ്റി നേതാക്കളുടെയും വളന്റിയര്മാരുടെയും യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള കമ്മ്യൂണിറ്റി പ്രതിനിധികളും വളന്റിയര്മാരും നേരിട്ടും ഓണ്ലൈനായും യോഗത്തില് പങ്കെടുത്തു.
നിലവില് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സുരക്ഷയ്ക്ക് പ്രാധാന്യം നല്കി അധികൃതരുടെ നിര്ദേശങ്ങള് പാലിക്കണമെന്നും അംബാസഡര് പറഞ്ഞു. സ്ഥിരീകരിക്കാത്ത വാര്ത്തകളും അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. എംബസിയും സൗദി അധികൃതരും നല്കുന്ന ഔദ്യോഗിക അറിയിപ്പുകള് മാത്രം ആശ്രയിക്കണമെന്നും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്ന സന്ദേശങ്ങള് പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്ദേശിച്ചു.
ഇന്ത്യന് സമൂഹത്തിന്റെ സുരക്ഷയും ആവശ്യങ്ങളും മുന്നിര്ത്തി സൗദി ഭരണകൂടവുമായി സഹകരിച്ചാണ് എംബസി പ്രവര്ത്തിക്കുന്നതെന്ന് അംബാസഡര് വ്യക്തമാക്കി. സഹായവും മാര്ഗനിര്ദേശവും ലഭ്യമാക്കുന്നതിനായി റിയാദിലെ ഇന്ത്യന് എംബസിയിലും ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമുകളും ഹെല്പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്. ടോള് ഫ്രീ നമ്പറുകള്, ടെലിഫോണ്, വാട്ട്സ്ആപ്പ് എന്നിവയിലൂടെ സഹായത്തിനായി ബന്ധപ്പെടാം.
കണ്ട്രോള് റൂമുകളിലേക്ക് ലഭിക്കുന്ന കോളുകള് സ്വീകരിക്കുക, വിളിക്കുന്നവരുടെ വിവരങ്ങളും ആവശ്യങ്ങളും കൃത്യമായി രേഖപ്പെടുത്തുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെടുത്തുക തുടങ്ങിയ പ്രവര്ത്തനങ്ങളില് വളന്റിയര്മാര് സഹകരിക്കും. ഇന്ത്യന് സമൂഹത്തിന് ഔദ്യോഗിക വിവരങ്ങള് എത്തിക്കുന്നതിലും ആവശ്യമായ സഹായങ്ങള് ഏകോപിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി നേതാക്കളുടെയും വളന്റിയര്മാരുടെയും പങ്കാളിത്തം യോഗത്തില് ചര്ച്ച ചെയ്തു. എംബസിയുടെയും കോണ്സുലേറ്റിന്റെയും പ്രവര്ത്തനങ്ങള്ക്ക് പൂര്ണ സഹകരണം നല്കുമെന്ന് കമ്മ്യൂണിറ്റി പ്രതിനിധികള് അറിയിച്ചു.
അംബാസഡര് വിപുലിനൊപ്പം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ബഷീര് അഹമ്മദ്, കമ്മ്യൂണിറ്റി വെല്ഫെയര് കൗണ്സിലര് വൈ. സാബിര് എന്നിവരും യോഗത്തില് പങ്കെടുത്തു.
റിയാദിലെ ഇന്ത്യന് എംബസിയുടെ 24 മണിക്കൂര് ഹെല്പ്ലൈന് നമ്പറുകളായ ടോള് ഫ്രീ: 800 247 1234, ടെലിഫോണ്: +966 55 441 2016, +966 54 212 6784, വാട്ട്സ്ആപ്പ്: +966 53 621 6082 എന്നിവയില് ബന്ധപ്പെടാം.
ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റിന്റെ 24 മണിക്കൂര് ഹെല്പ്ലൈന് നമ്പറുകളായ ടോള് ഫ്രീ: 800 244 0003, ലാന്ഡ്ലൈന്: +966 12 261 4093, മൊബൈല്: +966 55 612 2301, വാട്ട്സ്ആപ്പ്: +966 53 620 9704 എന്നിവയില് ബന്ധപ്പെടാം.