ബീജിംഗ് - 39 വയസ്സുകാരനായ ഡിംഗ് യുവാന്‍ഷാവോയ്ക്ക് ലോകത്തിലെ മികച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള അക്കാദമിക് ബിരുദങ്ങളുണ്ട്. ചൈനയിലെ പ്രശസ്തമായ സിന്‍ഗ്വാ സര്‍വ്വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം നേടിയ ശേഷം, പീക്കിംഗ് സര്‍വ്വകലാശാലയില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റേഴ്‌സ് ബിരുദങ്ങളും സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്.ഡിയും അദ്ദേഹം കരസ്ഥമാക്കി. ഉന്നത ബിരുദങ്ങള്‍ക്കിടയിലും, ഡിങ്ങിന്റെ ഇപ്പോഴത്തെ തൊഴില്‍ അക്കാദമിക് ലോകത്തുനിന്നോ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ നിന്നോ വളരെ വ്യത്യസ്തമാണ്. അദ്ദേഹം ഒരു ഫുഡ് ഡെലിവറി റൈഡറാണ്. ഇത് ചൈനയിലെ തൊഴില്‍ വിപണി എത്തിച്ചേര്‍ന്ന പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
ഡിങ്ങിന്റെ അക്കാദമിക് മികവ് ചെറുപ്പത്തിലേ പ്രകടമായിരുന്നു. 2004-ല്‍, വളരെ കടുപ്പമേറിയതും ദേശീയതലത്തിലുള്ളതുമായ സര്‍വ്വകലാശാലാ പ്രവേശന പരീക്ഷയായ ഗാവോകാവോയില്‍ 750-ല്‍ 700-നടുത്ത് മാര്‍ക്ക് നേടി അദ്ദേഹം ചരിത്രം കുറിച്ചു. കെമിസ്ട്രി, എനര്‍ജി എഞ്ചിനീയറിംഗ്, ബയോളജി, ബയോഡൈവേഴ്‌സിറ്റി തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പഠനയാത്ര.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ പോസ്റ്റ്-ഡോക്ടറല്‍ കരാര്‍ അവസാനിച്ചതോടെ ഡിംഗ് അപ്രതീക്ഷിതമായ ഒരു വെല്ലുവിളി നേരിട്ടു: തൊഴിലില്ലായ്മ. 'ഞാന്‍ ഒരുപാട് സി.വി.കള്‍ അയച്ചു, പത്തിലധികം അഭിമുഖങ്ങളില്‍ പങ്കെടുത്തു, പക്ഷേ ഒന്നും ഫലം കണ്ടില്ല,' എന്ന് പിന്നീട് വൈറലായ ഒരു സോഷ്യല്‍ മീഡിയ വീഡിയോയില്‍ അദ്ദേഹം വെളിപ്പെടുത്തി.
മുന്നോട്ട് പോകാന്‍ തീരുമാനിച്ച ഡിംഗ്, സിംഗപ്പൂരില്‍ ഫുഡ് ഡെലിവറി തൊഴിലാളിയായി ജോലി ആരംഭിച്ചു. ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്ത് ആഴ്ചയില്‍ ഏകദേശം 700 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 550 യു.എസ്. ഡോളര്‍) സമ്പാദിച്ചു. പിന്നീട് അദ്ദേഹം ചൈനയിലേക്ക് മടങ്ങി, ഇപ്പോള്‍ ബീജിംഗില്‍ ഒരു പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മെയ്റ്റുവാണിന് വേണ്ടി ഡെലിവറി ജോലി ചെയ്യുന്നു. ഇത് ഒരു തിരിച്ചടിയായി കാണുന്നതിന് പകരം, ഡിംഗ് തന്റെ ഇപ്പോഴത്തെ ജോലിയെ സ്വീകരിക്കുന്നു. 'ഇതൊരു സ്ഥിരമായ ജോലിയാണ്. ഈ വരുമാനം കൊണ്ട് എനിക്ക് എന്റെ കുടുംബത്തെ സഹായിക്കാന്‍ കഴിയും. കഠിനാധ്വാനം ചെയ്താല്‍ മാന്യമായി ജീവിക്കാം. ഇതൊരു മോശം ജോലിയല്ല,' അദ്ദേഹം പറഞ്ഞു. ഇതിനൊരു ഗുണവുമുണ്ട്, 'ഭക്ഷണം ഡെലിവറി ചെയ്യുന്നത് നിങ്ങളുടെ വ്യായാമം ഒരുമിച്ച് പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നതാണ് ഒരു നേട്ടം,' ഓടുന്നത് ഇഷ്ടപ്പെടുന്ന തനിക്ക് ഇത് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ഗാവോകാവോ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് ഡിങ്ങിന്റെ കഥക്ക് ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ ലഭിച്ചത്. 'നിങ്ങള്‍ നന്നായി ചെയ്തില്ലെങ്കില്‍ നിരാശപ്പെടുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്. നിങ്ങള്‍ നന്നായി ചെയ്തിട്ടുണ്ടെങ്കിലും കാര്യങ്ങളില്‍ വലിയ വ്യത്യാസം വരുുന്നില്ലെന്ന് ഓര്‍ക്കുക -അദ്ദേഹം ഉപദേശിച്ചു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ചിലര്‍ നിരാശയോടെ 'വിദ്യാഭ്യാസത്തിന്റെ കാര്യം എന്താണ്?' എന്നും 'അദ്ദേഹം ഇത്രയധികം പഠിച്ചിട്ടും അവസാനം ഫുഡ് ഡെലിവറി ചെയ്യുകയാണല്ലോ' എന്നും അഭിപ്രായപ്പെട്ടു. എന്നാല്‍, മറ്റുചിലര്‍ ഡിങ്ങിന്റെ തീരുമാനത്തെ ന്യായീകരിച്ചു. 'അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ തെറ്റൊന്നുമില്ല. ജീവിതം കഠിനമായിരുന്നപ്പോള്‍ അദ്ദേഹം തോറ്റുകൊടുത്തില്ലല്ലോ,' എന്ന് ഒരാള്‍ കുറിച്ചു.
ഡിംഗ് യുവാന്‍ഷാവോയുടെ അനുഭവം ചൈനയിലെ കടുപ്പമേറിയ തൊഴില്‍ വിപണിയുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ തൊഴില്‍ വിപണിയുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമാണ്. ഓരോ വര്‍ഷവും ഏകദേശം 13 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ ഗാവോകാവോ പരീക്ഷ എഴുതുമ്പോള്‍, രാജ്യം വലിയ തൊഴില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച്, മെയ് മാസത്തില്‍ 16 മുതല്‍ 24 വയസ്സുവരെയുള്ള നഗരങ്ങളിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 14.9% ആയിരുന്നു. ഡിങ്ങിന്റെ യാത്ര ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍, ഏറ്റവും ശ്രദ്ധേയമായ അക്കാദമിക് യോഗ്യതകള്‍ പോലും മെച്ചപ്പെട്ട തൊഴില്‍ ഉറപ്പ് നല്‍കില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.
Related News